
മലപ്പുറം: മിൽമ മലപ്പുറം ഡെയറിയുടെയും പാൽപ്പൊടി നിർമ്മാണ ഫാക്ടറിയുടെയും ഉദ്ഘാടനം 24ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മൂർക്കനാട്ടെ മിൽമ ഡെയറി ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കും. മിൽമ ഡെയറി വൈറ്റ്നർ വിപണനോദ്ഘാടനം ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. 
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാവും. 131.3 കോടി ചെലവഴിച്ചാണ് മലപ്പുറം ഡെയറിയുടെയും പാൽപ്പൊടി ഫാക്ടറിയുടെയും നിർമ്മാണം പൂർത്തിയാക്കിയത്. കേരളത്തിലെ ഏറ്റവും വലിയ മിൽമ പാൽപ്പൊടി നിർമ്മാണ ഫാക്ടറിയിൽ പത്ത് ടണ്ണാണ് ഉത്പാദന ക്ഷമത. പ്രതിദിനം ഒരുലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാനാവും.ടെട്രാപാക്ക കമ്പനിയാണ് ഫാക്ടറി നിർമ്മാണം പൂർത്തീകരിച്ചത്. ഫാക്ടറിയുടെ ഉദ്ഘാടനത്തോടൊപ്പം തന്നെ മിൽമ പാൽപ്പൊടിയും വിപണിയിലിറങ്ങും. 25 കിലോ, 10 കിലോ, ഒരുകിലോ, 500ഗ്രാം, 200 ഗ്രാം, 50 ഗ്രാം, 20 ഗ്രാം എന്നിങ്ങനെ വിവിധ അളവുകളിൽ മിൽമ ഡെയറി വൈറ്റ്നർ വൈകാതെ വിപണിയിൽ ലഭ്യമാകും. വാർത്താസമ്മേളനത്തിൽ മിൽമ ചെയർമാൻ കെ.എസ്.മണി, മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി.ജെയിംസ് പങ്കെടുത്തു.