 
മലപ്പുറം: അധികം വരുന്ന പാൽ പൊടിയാക്കി മാറ്റാൻ തമിഴ‌്‌നാടിനെ ആശ്രയിക്കേണ്ട അവസ്ഥയ്ക്ക് പരിഹാരമായി സ്വന്തം പാൽപ്പൊടി നിർമ്മാണ ഫാക്ടറിയുമായി മിൽമ മലബാർ യൂണിയൻ. മങ്കട മൂർക്കനാടിൽ 12.4 ഏക്കറിൽ ഡെയറി പ്ലാന്റിനോടു ചേർന്ന് 131.3 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക പാൽപ്പൊടി ഫാക്ടറി 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 131.3 കോടിയിൽ 15 കോടി സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ വിഹിതമാണ്. 32.72 കോടി രൂപ നബാർഡ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ നിന്നും ലഭിച്ചു. ബാക്കി തുക മിൽമ മലബാർ മേഖലാ യൂണിയന്റെ വിഹിതമാണ്. കൊവിഡ് കാലത്ത് മിച്ചംവന്ന പാൽ പൊടിയാക്കി തരാൻ തമിഴ്‌നാട് വിസമ്മതിച്ചത് മിൽമയെ പ്രതിസന്ധിയിലാക്കിയിരുന്നു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ രാജ്യത്തൊട്ടാകെ വൻതോതിൽ പാൽ മിച്ചം വന്നിരുന്നു. അതുകൊണ്ടു തന്നെ പാൽപൊടിയാക്കി മാറ്റാൻ മറ്റ് ഫാക്ടറികളിലും ഡിമാൻഡേറെയായിരുന്നു.
കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടി പ്രവർത്തിക്കുന്നതുമാണ് മിൽമ പാൽപ്പൊടി നിർമ്മാണ ഫാക്ടറി. പത്ത് ടണ്ണാണ് ഉത്പാദന ക്ഷമത. പ്രതിദിനം ഒരു ലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാനാവും. പാലിൽ നിന്ന് കൂടുതൽ കാലം കേടുകൂടാതിരിക്കുന്ന മൂല്യവർദ്ധിത ഉത്‌പന്നങ്ങളും പൊതുവിപണിയിൽ കോർപ്പറേറ്റ് കമ്പനികളോടു പോലും മത്സരിക്കാൻ ഉതകുന്ന രീതിയിൽ ഉയർന്ന പോഷക ഘടകങ്ങളടങ്ങിയ ഉത്‌പന്നങ്ങളും നൂതനമായ ഇതര പാൽ ഉത്‌പന്നങ്ങളും ഇവിടെ നിർമ്മിക്കാനാവും.
ഉത്‌പാദനത്തിൽ മുന്നിൽ
കേരളത്തിൽ കൂടുതൽ പാൽ മിൽമ ശേഖരിക്കുന്നത് മലബാറിൽ നിന്നാണ്. പ്രതിദിനം ശരാശരി ഏഴ് ലക്ഷം ലിറ്റർ സംഭരിക്കുമ്പോൾ മലബാറിലെ പ്രതിദിന വിൽപ്പന ആറ് ലക്ഷത്തോളമാണ്. 
എറണാകുളത്തും തിരുവനന്തപുരത്തും പാൽ ഉത്പാദനം കുറവായതിനാൽ ശേഷിക്കുന്നത് ഇവിടേക്കാണ് എത്തിക്കുന്നത്.
പ്രവാസികളുടെ തിരിച്ചുവരവോടെ മലബാറിൽ പാലുത്പാദനം കാര്യമായി വർദ്ധിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിക്കിടയിലും സൊസൈറ്റികൾ മുഖേന കൃത്യമായി പാൽ സംഭരിച്ചതും വില ഉറപ്പാക്കിയതും ഡയറി ഫാം രംഗത്തേക്ക് കൂടുതൽ പേരെ ആകർഷിച്ചെന്ന വിലയിരുത്തലിലാണ് മിൽമ.
നേരത്തെ മിൽമയ്ക്ക് പുന്നപ്രയിൽ പാൽപ്പൊടി പ്ലാന്റുണ്ടായിരുന്നെങ്കിലും പാൽ ലഭ്യത കുറവായതും ആധുനികവത്ക്കരണം നടക്കാതെയും പോയതോടെ പൂട്ടേണ്ടിവന്നു.
ഫാക്ടറി വീണ്ടും തുറക്കാൻ പത്ത് കോടിയോളം രൂപ വേണ്ടി വരുമെന്നതിനാൽ പദ്ധതി മിൽമ ഉപേക്ഷിക്കുകയായിരുന്നു.
പാൽപ്പൊടി ഫാക്ടറി പ്രവർത്തനമാരംഭിക്കുന്നതോടെ കേരളത്തിലെ ക്ഷീര കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പാലിനും വിപണി കണ്ടെത്താനാകും. ലക്ഷക്കണക്കിന് രൂപയുടെ നികുതി വരുമാനം സർക്കാരിന് ലഭിക്കും. ഒപ്പം പ്രത്യക്ഷമായും പരോക്ഷമായും നൂറിൽപ്പരം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെടും.
കെ.എസ്.മണി, മിൽമ ചെയർമാൻ