
കാളികാവ്: പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതിനിടെ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി ആരോഗ്യവകുപ്പും പഞ്ചായത്തും. ഇതിന്റെ ഭാഗമായി മാലിന്യ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യവുമായി വ്യാപാരികളും ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്നു ബഹുമുഖ പദ്ധതികൾക്ക് രൂപം നൽകി. ഇതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കാളികാവ് വ്യാപാര ഭവനിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് പി. ഷിജിമോൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി കാളികാവ് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മഞ്ഞപ്പിത്തവും പകർച്ചപ്പനിയും വ്യാപകമായിട്ടുണ്ട്.
മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രീൻ കാളികാവ് ക്ലീൻ കാളികാവ് പദ്ധതി നേരത്തെ ഊർജ്ജിതമായി നടന്നു വരുന്നുണ്ട്.
മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി വിവിധ സാമൂഹ്യ സംഘടനകളും പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്.എല്ലാവിഭാഗങ്ങളെയും ഒരുമിച്ച് ചേർത്തുള്ള പരിപാടിക്കാണ് ഇപ്പോൾ രൂപം നൽകിയിട്ടുള്ളത്.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന തത്വത്തിലൂന്നി ഓരോ കുടുംബത്തെയും വ്യാപാരികളെയും നേരിട്ട് കാര്യങ്ങൾ ധരിപ്പിക്കും.
കുടിവെള്ള ശുചിത്വം,ഭക്ഷണ ശുചിത്വം,പരിസര ശുചിത്വം,എന്നിവ ഉറപ്പു വരുത്തുന്ന വ്യാപക പരിശോധനയും ശിക്ഷാ നടപടികളും സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ശശികുമാർ മുന്നറിയിപ്പു നൽകി.
ആലോചനാ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.എച്ച്. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.സി. ബിനു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശരികുമാർ, പ്രമോദ്, വ്യാപാരി വ്യവസായി സെക്രട്ടറി മാഞ്ചേരി യൂസുഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുബൈദ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രമാ രാജൻ, കെ.കെ ഹംസ തുടങ്ങിയവർ പങ്കെടുത്തു.
തട്ടുകടകളിൽ പരിശോധന കർശനമാക്കും
തട്ടുകടകൾ രോഗം പടർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വൈകുന്നേരങ്ങളിൽ മാത്രം തുറന്നു പ്രവർത്തിക്കുന്ന തട്ടുകടളിൽ യാതൊരു പരിശോധനയും നടക്കുന്നില്ല.
ഇവിടങ്ങളിൽ ഉപയോഗിക്കുന്ന കുടിവെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം പടരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്നും നിയമ ലംഘനം കണ്ടെത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.