കൊണ്ടോട്ടി: പ്രവൃത്തി പൂർത്തീകരണ കാലാവധി കഴിഞ്ഞു ഒന്നര വർഷമായിട്ടും എങ്ങുമെത്താതെ കൊണ്ടോട്ടി നഗരസഭയിലെ കിഫ്ബി അമൃത് കുടിവെള്ള പദ്ധതി. കിഫ്ബിക്ക് കീഴിൽ 108 കോടി രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്.

നഗരസഭാ പരിധിയിലെ 40 വാർഡുകളിലായി 14,​000ത്തിലധികം ആളുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. നാല് വർഷം കൊണ്ട് പൈപ്പിടൽ പൂർത്തിയാക്കാൻ നിശ്ചയിച്ച പദ്ധതിയുടെ കാലാവധി 2023 മാർച്ചിൽ അവസാനിച്ചിരുന്നു. ഒന്നരവർഷം കഴിഞ്ഞിട്ടും നഗരസഭയിലെ 10 വാർഡുകളിലേ പദ്ധതി വഴി നിലവിൽ കുടിവെള്ളം വിതരണം ചെയ്യുന്നുള്ളൂ. ചീക്കോട് കുടിവെള്ള ശുദ്ധീകരണശാലയിൽ നിന്നുള്ള ജലമാണ് അമൃത് പദ്ധതിയിലുൾപ്പെടുത്തി വീടുകളിലെത്തിക്കുന്നത്. ഇതിനായി മേലങ്ങാടിയിലെ ജലസംഭരണിയിലേക്ക് ശുദ്ധജലം എത്തിക്കാൻ ദേശീയപാതയുടെ കുറുകെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കണമായിരുന്നു. ഇതിനായി ദേശീയപാത അതോറിറ്റിക്ക് മുൻകൂറായി 20.15 ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി നൽകണം. ഈ തുക ആര് നൽകുമെന്ന കാര്യത്തിൽ പൊതുമരാമത്ത് വകുപ്പും കരാറുകാരനും തമ്മിൽ സാങ്കേതിക തടസ്സം നിലനിന്നിരുന്നു. നഗരസഭ തനത് ഫണ്ടിൽ നിന്നും തുക കെട്ടിവയ്ക്കാൻ കൗൺസിൽ യോഗത്തിൽ ധാരണയായി. പിന്നീട് വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിന്നതിനാൽ പ്രവൃത്തി ആരംഭിക്കൽ വൈകി.

ഈ പ്രവൃത്തികൾക്കായി ദേശീയപാത അതോറിറ്റിയിൽ നിന്നും അനുമതി ലഭിക്കാത്തതാണ് പദ്ധതിക്ക് കാലതാമസം നേരിടാൻ കാരണമെന്നാണ് പ്രവൃത്തി ചുമതലയുള്ള കേരള വാട്ടർ അതോറിറ്റിയുടെ മലപ്പുറം പ്രൊജക്ട് ഡിവിഷന്റെ വിശദീകരണം.

അഴിമതി ആരോപണങ്ങളും

കിഫ്ബി പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചത് മുതൽ പൈപ്പിടൽ പ്രവർത്തനങ്ങളിൽ നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു.

മുൻപ് ജലവിതരണ പൈപ്പ് ലൈൻ സ്ഥാപിച്ചതിൽ കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിൽ ഒത്തു കളിച്ചു കോടികളുടെ അഴിമതി നടത്തിയതായി ആരോപണം ഉയർന്നിരുന്നു.

അഴിമതി സംബന്ധിച്ച പരാതി താലൂക്ക് തല അദാലത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകിയിരുന്നെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല.

വാട്ടർ അതോറിറ്റിയും ജനപ്രതിനിധികളും പരസ്പരം കുറ്റം പറയുകയല്ലാതെ പ്രവൃത്തി പൂർത്തീകരണത്തിനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരും മുൻപ് മേലങ്ങാടിയിൽ നിർമ്മാണം പൂർത്തിയായ കുടിവെള്ള സംഭരണിയിലേക്ക് വെള്ളമെത്തിക്കാനായാൽ ജലക്ഷാമം രൂക്ഷമായ മേലങ്ങാടി, ഹൈസ്‌കൂൾ പടി, ഖുബ്ബ പരിസരം, നമ്പോലൻകുന്ന്, മങ്ങാട്, കാഞ്ഞിരപ്പറമ്പ് തുടങ്ങി 29 മുതൽ 40 വരെ വാർഡുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും.


ജനപ്രതിനിധികളുടെയും നഗരസഭയുടെയും കാര്യക്ഷമമായ ഇടപെടൽ പദ്ധതി പൂർത്തീകരണത്തിൽ ഉണ്ടായില്ലെങ്കിൽ പൈപ്പിടൽ പ്രവൃത്തികൾ നീണ്ടു പോയി പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലാവും

മെഹർ മൻസൂർ

സെക്രട്ടറി

കിഫ്ബി അമൃത് വാട്ടർ പ്രോജക്ട് പ്രൊട്ടക്ഷൻ ഫോറം, കൊണ്ടോട്ടി

നിലവിൽ ഒന്നു മുതൽ 15 വരെ വാർഡുകളിലായി 2000ൽപരം കണക്ഷനുകളിൽ ശുദ്ധജലം എത്തിക്കുന്നുണ്ട്. ഇതിനായി ചെമ്മലപ്പറമ്പ്, ചേപ്പിലക്കുന്ന്, കുമ്പളപ്പാറ ടാങ്കുകളിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞു. കേന്ദ്ര ദേശീയപാത അതോറിറ്റിയുമായി ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ കാരണമാണ് പ്രവൃത്തി നീണ്ടു പോയത്. നിലവിലെ സാഹചര്യത്തിൽ ദേശീയപാതയിലൂടെ പൈപ്പ് സ്ഥാപിച്ച് മേലങ്ങാടിയിലെ ജലസംഭരണിയിൽ ഒരു മാസത്തിനകം വെള്ളമെത്തിക്കാനാവും. ഇതുവഴി 30 മുതൽ 40 വരെയുള്ള വാർഡുകളിലെ ഗുണഭോക്താക്കൾക്ക് ശുദ്ധജലം എത്തിക്കാൻ സാധിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുംമുമ്പ് പദ്ധതിയുടെ 50 ശതമാനത്തിലേറെ പൂർത്തിയാക്കാനാകും. 2025 അവസാനത്തോടെ പദ്ധതി പൂർണമായും നടപ്പിലാക്കും

എ. മുഹിയുദീൻ അലി

നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ