
കൊണ്ടോട്ടി: കൊവിഡ് കാലത്ത് സഞ്ചാരികൾ കണ്ടെത്തിയ പ്രകൃതിയുടെ അപൂർവ്വ ചാരുതയാണ് വാഴയൂർ മലയിലെ വ്യൂ പോയിന്റ്. ഹൊറൈസൺ ഹിൽസ് എന്നറിയപ്പെടുന്ന ഇവിടത്തെ പുലർകാല കാഴ്ച കാണാൻ നിരവധി സഞ്ചാരികളാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്. പുലർകാല കാഴ്ചകൾ വാഗമൺ മലനിരകളെ അനുസ്മരിപ്പിക്കുന്നതിനാൽ മലപ്പുറത്തിന്റെ മിനി വാഗമൺ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ പുലരികളാണ് വാഴയൂർ മലയുടെ സൗന്ദര്യം മുഴുവൻ വിളിച്ചോതുക. അധികമകലെയല്ലാതെ അറബിക്കടലും അതിലേക്ക് പായുന്ന ചാലിയാർ പുഴയും തൊട്ടു തൊട്ടു നിൽക്കുന്ന മലനിരകളും ചെറുകുന്നുകളും താഴ്വാരമാകെ നീണ്ട വയലുകളും മനോഹരമാക്കിയ ഈ പ്രദേശത്തിന്റെ ഉദയാസ്തമയ കാഴ്ചകൾ കാണാൻ ഒരു പ്രത്യേക രസം തന്നെയാണ്. മലമുകൾ വരെ വാഹനങ്ങൾ കൊണ്ടുപോകാൻ സാധിക്കുന്നതിനാൽ അതിരാവിലെ ഇവിടെയെത്താൻ സഞ്ചാരികൾക്ക് യാതൊരു പ്രയാസവുമില്ല.
ചാലിയാർ പുഴയുടെ തീരത്തെ ടൂറിസം സാദ്ധ്യതകളും വാഴയൂർ മലയും ഇവിടെ തന്നെയുള്ള അതിവിശാലമായ കയവും ടിപ്പുവിന്റെ പടയോട്ട കാലത്തെ ചരിത്ര പ്രാധാന്യമുള്ള നരിമടയും പുതുക്കോട് പ്രദേശത്തെ മഹാശിലായുഗ കാലഘട്ടത്തിലെ അവശേഷിപ്പുകളായ കുടക്കല്ലുമെല്ലാം കേവലം രണ്ട് മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് കിടക്കുന്നതെന്നതിനാൽ ഇവയെല്ലാം ചേർത്ത് ഒരു ടൂറിസം മാസ്റ്റർ പ്ലാൻ തയ്യാറാക്കാവുന്നതാണ്. ഇതിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയാൽ മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര മേഖലയായി വളരാൻ കോഴിക്കോടിനോട് അതിർത്തി പങ്കിടുന്ന വാഴയൂരിനാവും.
എളുപ്പമെത്താം
ചാലിയാറിനോട് ചേർന്നു കിടക്കുന്ന മലമുകൾ നിരവധി പക്ഷികളുടെയും അപൂർവ്വ ശലഭങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ്.
വാഴയൂർ പെരിങ്ങാവ് റോഡിൽ ചെറുകാവ് വാഴയൂർ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് വാഴയൂർ മലയുള്ളത്.
രാമനാട്ടുകര ടൗണിൽ നിന്നും കോഴിക്കോട് ബൈപ്പാസ് റോഡിലൂടെ സഞ്ചരിച്ച് അഴിഞ്ഞിലം ജംഗ്ഷനിൽ നിന്നും എട്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിലൂടെ വരുന്നവർക്ക് പതിനൊന്നാം മൈലിൽ നിന്നും പെരിങ്ങാവ് വഴി സഞ്ചരിച്ചാലും ഇവിടെയെത്താം.
മലമുകൾ വരെ സഞ്ചാരയോഗ്യമായ റോഡുള്ളതിനാൽ യാത്രക്ക് പ്രയാസമില്ല.