samasatha-leauge

സമസ്തയും മുസ്‌ലിം ലീഗും തമ്മിലെ തർക്കം സമസ്തയ്ക്കുള്ളിലെ ആഭ്യന്തര തർക്കമായി പരിണമിച്ച ഒട്ടും പ്രതീക്ഷിക്കാത്ത വഴിമാറ്റത്തിനാണ് രാഷ്ട്രീയ കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. വിവിധ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുകളുമായി മുസ്‌ലിം ലീഗിന്റേയും സമസ്തയുടെയും നേതാക്കൾ പരസ്പരം പോരടിച്ചപ്പോൾ ഇതിന്റെ പേരിൽ സമസ്തയിൽ വീണ്ടും പിളർപ്പുണ്ടാവുമോ എന്ന പ്രതീതിയടക്കം സൃഷ്ടിക്കപ്പെട്ടിരുന്നു.

സമസ്തയിലെ വിഭാഗീയത ചർച്ച ചെയ്യാൻ കോഴിക്കോട് വിളിച്ച യോഗത്തിൽ നിന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് ഇറങ്ങിപ്പോവേണ്ടിവന്ന സാഹചര്യമാണ് ലീഗ് - സമസ്ത തർക്കത്തെ സമസ്തയിലെ ആഭ്യന്തര തർക്കമായി പരിണമിപ്പിച്ചത്. ഇത് അവസരമാക്കി സമസ്തയിലെ ലീഗ് വിരുദ്ധപക്ഷത്തിന് പൂട്ടിടാൻ കരുനീക്കം ലീഗും തുടങ്ങിയിട്ടുണ്ട്. ഉമർ ഫൈസിയുടെ കള്ളന്മാർ പരാമർശവും യോഗത്തിൽ നിന്ന് മാറിനിൽക്കണമെന്ന ജിഫ്രി തങ്ങളുടെ നിർദ്ദേശം അവഗണിച്ചതും ഉയർത്തി ഉമർ ഫൈസിയെ മുശാവറയിൽ നിന്ന് നീക്കിപ്പിക്കാനാണ് ലീഗിന്റെ ചരടുവലി. നേരത്തെ തന്നെ ലീഗിന്റെ മനസിലിരിപ്പ് ഇതായിരുന്നെങ്കിലും ജിഫ്രി തങ്ങളുടെ ശക്തമായ പിന്തുണയായിരുന്നു ഉമർ ഫൈസിയുടെ കരുത്ത്. ഇതിനൊപ്പം മുശാവറയിലെ നല്ലൊരുപങ്ക് അംഗങ്ങളും ലീഗിന് വഴങ്ങിയുള്ള കടുത്ത നടപടിയെ അംഗീകരിക്കുകയുമില്ല. എന്നാൽ സമസ്ത അദ്ധ്യക്ഷനെ ധിക്കരിച്ചതോടെ രൂപപ്പെട്ട സാഹചര്യവും ഉമർ ഫൈസിയുടെ നടപടി ശരിയല്ലെന്ന ഭൂരിഭാഗം മുശാവറാംഗങ്ങളുടെ നിലപാടും ലീഗിന് അനുകൂലമാണ്. ജിഫ്രി തങ്ങളെ അപമാനിച്ചത് വൈകാരിക വിഷയമാക്കാൻ സമസ്തയിലെ ലീഗനുകൂലികൾ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ഉമർ ഫൈസിക്കെതിരായ നടപടി നേരിട്ട് ആവശ്യപ്പെടാതെ സമസ്ത നേതൃത്വത്തെ കൊണ്ടുതന്നെ നടപടിയെടുപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കുക എന്നതാണ് ലീഗിന്റെ തന്ത്രം. ലീഗനുകൂലികളായ മുശാവറാംഗം ഡോ. ബഹാവുദ്ദീൻ നദ്‌വി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ എന്നിവർ ജിഫ്രി തങ്ങൾക്ക് പിന്തുണയേകിയും ഉമർ ഫൈസിയുടേത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും ചൂണ്ടിക്കാട്ടി രംഗത്തുണ്ട്. സമസ്ത വിവാദത്തിൽ അഭിപ്രായം പറയരുതെന്ന് നേതാക്കൾക്ക് ലീഗ് കർശന നിർദ്ദേശമേകിയിട്ടുണ്ട്.

ഉമർ ഫൈസിക്കെതിരായ കർശന നടപടി സമസ്തയ്ക്കുള്ളിൽ വിഭാഗീയത കടുപ്പിക്കുമോയെന്ന ഭയം നേതൃത്വത്തിനുണ്ട്. സമസ്തയുടെ വിവിധ പോഷക സംഘടനകളുടെ പ്രധാന സ്ഥാനങ്ങളിലുള്ള ലീഗ് വിരുദ്ധരുടെ തുടർനിലപാടിലാണ് ആശങ്ക. ഇ.കെ. വിഭാഗം സമസ്തയിലെ സാഹചര്യങ്ങൾ ഇടതുപക്ഷവും കാന്തപുരം എ.പി വിഭാഗവും നിരീക്ഷിക്കുന്നുണ്ട്. സമസ്ത മുശാവറയിലെ ചർച്ചയും തർക്കങ്ങളും ലീഗനുകൂല മുശാവറാംഗം ബഹാവുദ്ദീൻ നദ്‌വി മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ഗുരുതര കുറ്റമാണെന്നും നടപടി വേണമെന്നുമുള്ള ആവശ്യമുയർത്തി ഉമർ ഫൈസിക്കെതിരായ നടപടിയെ പ്രതിരോധിക്കാനാണ് ലീഗ് വിരുദ്ധപക്ഷത്തിന്റെ നീക്കം. ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്ന് ലീഗ് പക്ഷം വ്യാപകമായി പ്രചരിപ്പിക്കുമ്പോൾ ഇത് തെറ്റാണെന്ന വാദമാണ് ലീഗ് വിരുദ്ധരുടേത്.

തണുത്ത് ആദർശ

സംരക്ഷണ സമിതി

മുസ്‌ലിം ലീഗ് - സമസ്ത തർക്കം രൂക്ഷമായതിന് പിന്നാലെ സമസ്തയിലെ ലീഗനുകൂലികളായ നേതാക്കൾ സമസ്തയ്ക്ക് സമാന്തരമായി 'സ​മ​സ്ത ആ​ദ​ർ​ശ സം​ര​ക്ഷ​ണ സ​മി​തി' രൂപീകരിച്ചിരുന്നു. സമസ്ത- ലീഗ് തർക്കം സമസ്തയിലെ ആഭ്യന്തര തർക്കമായി വഴിമാറിയതിന് പിന്നാലെ ആദർശ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് വേഗം കുറഞ്ഞിട്ടുണ്ട്. പാ​ണ​ക്കാ​ട്​ ത​ങ്ങ​ൾ കുടുംബത്തിനെതിരാ​യ സമസ്തയിലെ ഒ​രു​വി​ഭാ​ഗ​ത്തിന്റെ നി​ല​പാ​ടു​ക​ളാണ്​ സമിതി രൂ​പ​വ​ത്​​ക്കരി​ക്കാ​ൻ കാ​ര​ണ​മെന്നാണ് ലീഗനുകൂലികളുടെ വാദം. സമിതിയുടെ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഡിസംബറിൽ ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ണ്ടാക്കി ജനു​വ​രി​യി​ൽ മു​ഴു​വ​ൻ ജി​ല്ല​ക​ളിലും ആ​ദ​ർ​ശ സ​മ്മേ​ള​ന​ങ്ങ​ൾ സംഘടിപ്പിക്കാനായിരുന്നു തീരുമാനം. സു​ന്നി ആ​ദ​ർ​ശ സ​മ്മേ​ള​ന​ങ്ങ​ളെന്ന പേ​രി​ലുള്ള പ​രി​പാ​ടി​ക​ൾ ലീ​ഗി​നെ​യും പാ​ണ​ക്കാ​ട്​ ത​ങ്ങ​ളെ​യും വി​മ​ർ​ശി​ക്കാ​നാ​ണ്​ ഒ​രു​വി​ഭാ​ഗം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ക്കാ​ര്യം ജ​ന​ങ്ങ​ളെ ബോ​ദ്ധ്യപ്പെ​ടു​ത്തു​ക​യാ​ണ്​ ആ​ദ​ർ​ശ സം​ര​ക്ഷ​ണ സ​മി​തിയുടെ ല​ക്ഷ്യമെന്നാണ് അവകാശവാദം.

സമിതിയുടെ രൂപീകരണവും തുടർപ്രവർത്തനങ്ങളും സമസ്തയുടെ പിളർപ്പിന് വഴിമരുന്ന് ആവാതിരിക്കാൻ സമസ്ത നേതൃത്വം തിരക്കിട്ട അനുനയ നീക്കങ്ങൾ നടത്തി. പിന്നാലെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് പ്രാഥമിക ധാരണയുണ്ടാക്കി. സമസ്തയുടെ പോഷക സംഘടനാ ഭാരവാഹികളാണ് ഇരുചേരികളിലായി നിലയുറപ്പിക്കുന്നത് എന്നതിനാൽ ഇവരുടെ കോ-ഓർഡിനേഷൻ യോഗം വിളിക്കാനും ധാരണയായിരുന്നു. ഇതിന്റെ തുടർനടപടിയായാണ് കോഴിക്കോട് മുശാവറാംഗങ്ങളുടെ യോഗം സമസ്ത വിളിച്ചത്. ഖാസി പദവിയുടെ പേരിൽ സാദിഖലി തങ്ങളെ അപമാനിച്ച സമസ്ത ജോയിന്റ് സെക്രട്ടറി ഉ​മ​ർ ഫൈ​സി മു​ക്ക​ത്തെ സ്ഥാനങ്ങളിൽ നിന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നായിരുന്നു ലീഗനുകൂലികളുടെ പ്രധാന ആവശ്യം. ജിഫ്രി തങ്ങളുടെ അടുപ്പക്കാരനായ ഉമർ ഫൈസിക്കെതിരായ നടപടിക്ക് സമസ്ത നേതൃത്വം തയ്യാറാവുമോ എന്നതായിരുന്നു ലീഗനുകൂലികളുടെ ആശങ്ക. മുശാവറ യോഗത്തിലെ കള്ളന്മാർ പരാമർശത്തിലൂടെ തനിക്കെതിരെയുള്ള ലീഗിന്റെ നീക്കം സുഗമമാക്കാൻ ഉമർ ഫൈസി തന്നെ വഴിവെട്ടി കൊടുത്തു. സമസ്ത അദ്ധ്യക്ഷനെ പരസ്യമായി ധിക്കരിച്ചയാളെന്ന പരിവേശത്തിനും ഉടമയായി. ഇതോടെ മുതിർന്ന നേതാവും ലീഗ് വിരുദ്ധപക്ഷത്തെ കരുത്തനുമായ ഉമർ ഫൈസിയെ തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന അവസ്ഥയിലാണ് സമസ്ത നേതൃത്വം. സി.പി.എമ്മുമായി അടുപ്പമുള്ള നേതാവാണ് ഉമർ ഫൈസി. സമസ്ത നേതൃത്വം ഉമർ ഫൈസിക്കെതിരെ കൈകൊള്ളുന്ന നടപടികളിൽ കാന്തപുരം സമസ്ത നേതൃത്വം ഉറ്റുനോക്കുന്നുണ്ട്. ഒളിഞ്ഞും തെളി‍ഞ്ഞും കാന്തപുരം വിഭാഗത്തിലെ പല നേതാക്കളും ഉമർ ഫൈസിയെ സംഘടനയിലേക്ക് സ്വാഗതവും ചെയ്യുന്നുണ്ട്.

ഉമർ ഫൈസിക്കെതിരായ നടപടി എന്ന സമസ്തയിലെ ലീഗനുകൂലികളുടെ ആവശ്യത്തെ പ്രതിരോധിക്കാൻ ലീഗ് വിരുദ്ധപക്ഷവും തന്ത്രങ്ങളൊരുക്കിയിട്ടുണ്ട്. ജിഫ്രി തങ്ങളെയടക്കം വിമർശിക്കുന്ന ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിനെതിരെ നടപടിയെടുക്കണമെന്നാണ് ലീഗ് വിരുദ്ധരുടെ പ്രധാന ആവശ്യം. സമസ്തയുടെ എതിർപ്പ് വകവയ്ക്കാതെ വീണ്ടും സി.ഐ.സി ജനറൽ സെക്രട്ടറിയായി നിയമിച്ച ഹക്കീം ഫൈസി ആദ്യശ്ശേരിയെ പുറത്താക്കണമെന്നും ആവശ്യപ്പെടും. ഇവയെല്ലാം കുറച്ചുകാലമായി ലീഗും സമസ്തയും തമ്മിലുള്ള പ്രശ്നങ്ങളാണ് എന്നതിനാൽ പൊടുന്നനെ ഒരുപരിഹാരം സാദ്ധ്യമല്ല. രണ്ട് കൂട്ടരേയും തണുപ്പിച്ച് വിവാദം കനക്കുന്നത് താത്ക്കാലികമായെങ്കിലും തടയിടാനാണ് സമസ്തയുടെ തീവ്രശ്രമം.