
കാളികാവ്: കത്തുന്ന വേനലും തുടർന്നു വന്ന അതിമഴയും മൂലം ജാതി കർഷകർക്ക് കനത്ത നഷ്ടം. മുൻ വർഷങ്ങളെ അപേക്ഷിച്ച് അമ്പത് ശതമാനത്തിലേറെ വിളവു നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. ഉത്പാദനം കുറഞ്ഞതോടെ വൻ സാമ്പത്തിക നഷ്ടവും തൊഴിൽ നഷ്ടവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വേനലിലെ ഉയർന്ന പകൽ താപനിലയിൽ പിടിച്ചു നിൽക്കാനാവാതെ പലതോട്ടങ്ങളിലും ജാതിക്ക കൊഴിഞ്ഞു വീണതാണ് വലിയ തോതിൽ ഉത്പാദനം കുറയാൻ ഇടയാക്കിയത്. കൃത്യമായ ജല സേചനം ലഭിക്കാത്ത മരങ്ങൾ ഉണങ്ങുകയും ചെയ്തു..
വിപണികളിൽ എത്തുന്നതിൽ ഏറിയ പങ്കും ഉണക്ക് കൂടിയ ചരക്കാണെങ്കിലും ജലാംശം കൂടുതലെന്ന കാരണം ഉന്നയിച്ച് വൻകിടക്കാർ വില ഇടിക്കുന്നതായും ഉത്പാദകർ പറയുന്നു .വിദേശവിപണികളിലും ഇന്ത്യൻ ജാതിക്കയുടെ ആവശ്യം കുറഞ്ഞിട്ടുണ്ട്. മറ്റ് വിദേശ വിപണികളിൽനിന്ന് കുറഞ്ഞനിരക്കിൽ ജാതിക്ക എത്തിയത് ഇന്ത്യൻ വിപണിയെ ബാധിച്ചു. മരുന്ന്, കറിമസാലകൾ തുടങ്ങിയ ആവശ്യങ്ങൾക്കാണ് ജാതിക്ക ഉപയോഗിക്കുന്നത്. കേരളമാണ് ജാതിക്ക ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം. രാജ്യത്തെ മൊത്തം ഉത്പാദനത്തിൽ 90 ശതമാനത്തിന് മുകളിൽ കേരളത്തിന്റെ സംഭാവനയാണ്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലായുള്ളത്. ഏതാണ്ട് 15,000 ടൺ ജാതിക്കയാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. പച്ച ജാതിക്കക്ക് കിലോഗ്രാമിന്
350 മുതൽ 400 രൂപ വരെയും ജാതിപരിപ്പിന് 650 രൂപ വരെയും വിലയുണ്ട്. ജാതി പത്രിക്ക് കിലോഗ്രാമിന്
1500 മുതൽ 2400 രൂപ വരെ ലഭിക്കുന്നുണ്ട്. എന്നാൽ ഉത്പാദനക്കുറവും വിപണിയിലെ വിലയിടിവും കാരണം മികച്ച വില കൊണ്ട് ജാതി കർഷകർക്ക് കാര്യമായ പ്രയോജനം കിട്ടുന്നില്ല