മലപ്പുറം: സർക്കാർ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റയിൽസിൽ നിന്നും വിരമിച്ചവർക്കുള്ള ശമ്പളകുടിശിക പത്തു തവണകളായി നൽകുമെന്നും ഇതിൻ നാലു ഗഡുക്കൾ നൽകിയെന്നും കമ്പനി യൂണിറ്റ് മാനേജർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.

ശമ്പളകുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുൻജീവനക്കാർ സമർപ്പിച്ച പരാതിയിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

കുറെ വർഷങ്ങളായി സ്ഥാപനം കടുത്ത നഷ്ടത്തിലാണെന്ന് കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം 2016ൽ ലേ ഓഫിലേക്ക് പോയി. സർക്കാർ ഇടപെട്ടതിനെ തുടർന്ന് 2017ൽ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും കൊവിഡ് മഹാമാരി കാരണം പ്രവർത്തനം നിലച്ചു. സർക്കാർ ധനസഹായത്താൽ 2023 മാർച്ച് രണ്ടിന് സ്ഥാപനത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. തനത് വരുമാനത്തിൽ നിന്നും കുടിശിക തവണകളായി നൽകി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. വി.ടി ബാലചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് നടപടി.