
മലപ്പുറം: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടും ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു. ഡിസംബർ ഒന്ന് മുതൽ ഇതുവരെ 167 പേർ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. വാഴക്കാടിൽ 14കാരൻ മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഇതര ചികിത്സാ മാർഗങ്ങൾ തേടുന്നവരുടെയും എണ്ണമെടുത്താൻ മഞ്ഞപ്പിത്തം കേസുകളുടെ എണ്ണം ഇരട്ടിയിലധികം വരും. കഴിഞ്ഞ മാസം കുറ്റിപ്പുറത്തും വഴിക്കടവിലും 170ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളിൽ വ്യാപകമായി ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്. ജില്ലയിൽ ഈ വർഷം ഇതുവരെ 6,500ഓളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്.
രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മറ്റു അസുഖബാധിതരിലും ഹെപ്പറ്റൈറ്റിസ് രോഗബാധ ഉണ്ടായാൽ പെട്ടെന്ന് ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാദ്ധ്യതയുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സിക്കുകയോ അശാസ്ത്രീയമായ ചികിത്സാ മാർഗങ്ങൾ തേടുകയോ ചെയ്യരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. രോഗബാധിതർ കൃത്യമായി വിശ്രമിക്കേണ്ടതും അനിവാര്യമാണ്.
പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ കരളിന്റെ പ്രവർത്തനത്തെ ബാധിച്ച് മരണം വരെ സംഭവിക്കാം. മഞ്ഞപ്പിത്തം പലപ്പോഴും മറ്റുപല രോഗങ്ങളുടെയും ലക്ഷണമായും കാണാറുണ്ട്. അതിനാൽ ശാസ്ത്രീയമായി രോഗനിർണയം നടത്തിയ ശേഷം മാത്രമേ ഹെപ്പറ്റൈറ്റിസിന് ചികിത്സ എടുക്കാൻ പാടുള്ളൂ.
രോഗ വ്യാപനം പ്രതിരോധിക്കാം