വഴിക്കടവ്: ചുങ്കത്തറയിൽ ഉടുമ്പിന്റെ ഇറച്ചിയുമായി രണ്ടു പേർ വനം വിജിലൻസിന്റെ പിടിയിലായി.ചുങ്കത്തറ അണ്ടിക്കുന്ന് കോലൂർക്ക വീട്ടിൽ സുനിൽ,ചുങ്കത്തറ അണ്ടിക്കുന്ന് അഴകത്ത് ജിതിഷ് എന്നിവരാണ് പിടിയിലായത്. നിലമ്പൂർ വനം വിജിലൻസ് റെയ്ഞ്ച് ഓഫീസർ വി. ബിജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധയിലാണ് പാകം ചെയ്യാൻ തയ്യാറാക്കിയ രണ്ട് കിലോയോളം ഉടുമ്പ് ഇറച്ചിയുമായി ഇവർ പിടിയിലായത്. വളർത്ത് നായയെ ഉപയോഗിച്ചാണ് ഉടുമ്പിനെ ഇവർ പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ വരുന്ന വന്യജീവിയാണ് ഉടുമ്പ്. കോഴിക്കോട് വനം വിജിലൻസ് ഡി എഫ് ഒ ജയപ്രകാശിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സെക്ഷ‌ൻ ഫോറസ്റ്റ് ഓഫീസർ സി.കെ. വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ.പി. പ്രദീപ് കുമാർ, പി. വിബിൻ, എൻ. സത്യരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്‌.