boby

മലപ്പുറം: വയനാട് മേപ്പാടിയിൽ 'ബോച്ചെ ആയിരം ഏക്കറിൽ' നടത്തുന്ന സൺബേൺ പുതുവത്സരാഘോഷ പാർട്ടിക്ക് വയനാട് ജില്ലാ കളക്ടർ അനുവാദം തരുമെന്നാണ് പ്രതീക്ഷയെന്ന് ബോബി ചെമ്മണ്ണൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് കളക്ടർ അനുകൂല തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷ. പരിപാടിക്ക് കളക്ടറുടെ അനുമതി വേണമെന്ന് ഹൈക്കോടതിയുടെ നിർദേശിച്ചതിനാൽ ശനിയാഴ്ച അപേക്ഷ സമർപ്പിച്ചിരുന്നു. തീരുമാനം ഉടൻ അറിയിക്കാമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ പല റിസോർട്ടുകളിലായി 26 പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. തനിക്ക് മാത്രമായി പ്രത്യേക നിയമം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. തന്റെ പരിപാടിക്കെതിരെ രണ്ടുപേരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ലക്ഷ്യമെന്തെന്ന് അറിയില്ല. പരിപാടിയിൽ നിന്നുള്ള ലാഭം ദുരിത ബാധിതർക്ക് നൽകും. വയനാട്ടിലെ ജനങ്ങൾക്ക് ദുരിതങ്ങൾ മറക്കാനായി മാനസികോല്ലാസം അത്യാവശ്യമാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.