കാളികാവ്: വെള്ളപ്പട്ടാളം എറനാട്ടിൽ നിറഞ്ഞാടിയ കലാപകാലങ്ങളിൽ സ്ഥാപിക്കപ്പെട്ട കാളികാവ് ടി.ബി ചരിത്ര ശേഷിപ്പായി ജീർണ്ണാവസ്ഥയിൽ.
2022 ലെ സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിരുന്നു.പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല.
കാളികാവിലുള്ള ഏക പുരാതന ശേഷിപ്പാണിത്.
ബ്രിട്ടീഷുകാരുടെ കാലത്ത് കളക്ടർ തുടങ്ങിയ ഉദ്യോഗസ്ഥന്മാർ വരുമ്പോൾ താമസിക്കാനായാണ് ഒരേക്കറോളം ഏക്കർ സ്ഥലത്ത് ടി.ബി കെട്ടിടം നിർമ്മിച്ചത്. അതിനിടെ 2019ൽ ബ്ലോക്ക് ഓഫീസിനു വേണ്ടി പകുതി സ്ഥലം പാട്ടത്തിനു നൽകുകകയും ചെയ്തു.ബാക്കിയുള്ള സ്ഥലത്താണ് ഇപ്പോൾ ടി. ബി നിലനിൽക്കുന്നത്.
ടി.ബി, ഇൻസ്‌പെക്‌ഷൻ ബംഗ്ലാവ്, റസ്റ്റ് ഹൗസ് തുടങ്ങി പലപേരുകളിൽ വിളിക്കപ്പെട്ടിരുന്ന കെട്ടിടത്തിന് ഇപ്പോൾ പരാധീനതകൾ ഏറെയാണ്. ഇപ്പോൾ മേൽക്കൂര താത്ക്കാലിക അറ്റ കുറ്റപ്പണി നടത്തിയെങ്കിലും പരാധീനതകൾ ഏറെയാണ്.
വാരിയൻകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും അടക്കം നയിച്ച മലബാർ കലാപം കിഴക്കനേറനാട്ടിലേക്കും വ്യാപിച്ചതോടെ മേഖലയിൽ പട്ടാളത്തിന്റെ സ്ഥിര സാന്നിദ്ധ്യമുണ്ടായി.
അതിനിടയിൽ പുല്ലങ്കോട് എസ്‌റ്റേറ്റ് മാനേജറായിരുന്ന എസ്.വി. ഈറ്റൺ വധിക്കപ്പെട്ടു. ഇതോടെ കലാപത്തെ ഒതുക്കാൻ ഗൂർഖാ പട്ടാളം കൂട്ടമായി രംഗത്തിറങ്ങി. മലബാർ കലാപം ഒതുക്കാൻ ബ്രിട്ടീഷുകാർ മേഖലയിൽ കേന്ദ്രീകരിച്ചത് ഈ ടി.ബി പരിസരത്തായിരുന്നു.
സ്വാതന്ത്ര്യാനന്തരവും കാളികാവ് ടി.ബി പല പ്രമുഖ വ്യക്തിത്വങ്ങളുടേയും സന്ദർശന കേന്ദ്രമായി. പ്രമുഖ നാടക രചയിതാവും തിക്കഥാകൃത്തുമായിരുന്ന കെ.ടി മുഹമ്മദ് തന്റെ പല മാസ്റ്റർപീസ് രചനകളും നിർവ്വഹിച്ചത് കാളികാവ് ടി.ബിയിൽ താമസിച്ചായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു.
ടി. ബിയിൽ നിലവിൽ അസൗകര്യങ്ങൾ ഏറെയാണ്.
അടുത്തിടെ കാളികാവിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കെ.ടി ജലീൽ ടി.ബിയിലെത്തിയപ്പോൾ ഇവിടത്തെ അസൗകര്യം അനുഭവിച്ചതാണ്. ടി. ബി യുടെ സ്ഥലത്തിൽനിന്നും ഏതാനും ഭാഗം അടുത്തിടെ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം സ്ഥാപിക്കാൻ വിട്ടുകൊടുത്തു. അവശേഷിക്കുന്ന സ്ഥലം സംരക്ഷിക്കാനും കെട്ടിടം നവീകരിക്കുവാനും സർക്കാർ നടപടി പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാരും ചരിത്രാന്വേഷികളും.