
മലപ്പുറം: കേരള ന്യൂനപക്ഷ വികസന ഫിനാൻസ് കോർപ്പറേഷൻ വഴി ക്ഷീര മേഖലയിൽ പുതു സംരംഭങ്ങൾ തുടങ്ങാനും കന്നുകാലികളെ വാങ്ങുന്നതിനും വായ്പകൾ അനുവദിക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. മൂർക്കനാട് ആരംഭിക്കുന്ന മിൽമ മിൽക്ക് പൗഡർ ഫാക്ടറിയടേയും മലപ്പുറം ഡെയറിയുടേയും ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അഗ്രി ഡെയറി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മഞ്ഞളാംകുഴി അലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നാടൻ പശുക്കളുടെ പ്രദർശനത്തിന്റേയും ഭക്ഷ്യമേളയുടേയും ഉദ്ഘാടനം മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് നിർവഹിച്ചു. കലാസന്ധ്യയുടെ ഉദ്ഘാടനം മിൽമ ചെയർമാൻ കെ.എസ്. മണി നിർവഹിച്ചു. മിൽമ ഭരണ സമിതി അംഗങ്ങളായ പി.ശ്രീനിവാസൻ, പി.പി.നാരായണൻ, മലബാർ മിൽമ ഭരണ സമിതി അംഗങ്ങളായ കെ.കെ.അനിത, എസ്.സനോജ്, കെ.ചെന്താമര, വി.വി.ബാലചന്ദ്രൻ , ടി.പി. ഉസ്മാൻ , പി.ടി. ഗിരീഷ് കുമാർ, കെ.സുധാകരൻ, സ്വാഗത സംഘം വൈസ് ചെയർമാൻമാരായ കെ.രാജഗോപാൽ, സലീന, പി,അബ്ദു, സ്വാഗത സംഘം സെക്രട്ടറിമാരായ കെ.പി.ബാബുരാജ്, അഭിശങ്കർ ഷാജി, കെ.പി. ഹംസ , ഷഫീഖ് കൊളത്തൂർ, സാജു കൊളത്തൂർ, സലീം, വീരാൻ ഹാജി സംസാരിച്ചു. മലബാർ മിൽമ മാനേജിംഗ് ഡയറക്ടർ കെ.സി.ജെയിംസ് സ്വാഗതവും എം.ആർ.ഡി.എഫ് സി.ഇ.ഒ ജോർജ്ജുകുട്ടി ജേക്കബ് നന്ദിയും പറഞ്ഞു.
പരമ്പരാഗത കൃഷി രീതികൾ, കാർഷിക ഉപകരണങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയെക്കുറിച്ച് പുതു തലമുറയ്ക്ക് അറിവുപകരുന്നതാണ് അഗ്രി ഡെയറി ഫെസ്റ്റ്. നാടൻ പശുക്കളുടെ പ്രദർശനം, ഭക്ഷ്യമേള, കലാ സന്ധ്യ എന്നിവയും അഗ്രി ഡെയറി ഫെസ്റ്റിന്റെ ഭാഗമാണ്. മിൽമയും സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷനും ചേർന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 115 തരം കാർഷിക ഉപകരണങ്ങൾ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുളകൊണ്ടും കയർകൊണ്ടും നിർമ്മിക്കുന്ന പരമ്പരാഗത ഉത്പ്പന്നങ്ങളുടെ നിർമ്മാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, വസ്ത്രം നെയ്യൽ, നൂൽനൂൽപ്പ്, മൺകല നിർമ്മാണം എന്നിവയെല്ലാം മേളയിൽ കാണാം.