vvvvvv

മലപ്പുറം: ജില്ലയിലെ പാലുത്പാദനം സമീപഭാവിയിൽ തന്നെ പ്രതിദിനം രണ്ടുലക്ഷം ലിറ്ററിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് കർമ്മ പദ്ധതികൾക്ക് രൂപമേകി മിൽമയും ക്ഷീര വികസന വകുപ്പും. നിലവിൽ 72,​457 ലിറ്റർ പാലാണ് ക്ഷീര സംഘങ്ങൾ വഴി സംഭരിക്കുന്നത്. 9,500ഓളം ക്ഷീര കർഷകരുണ്ട്. ലാഭകരമായ രീതിയിൽ പാലുത്പാദനം നടത്തുന്നതിനും തൊഴിൽരഹിതരായ ആളുകളെ ക്ഷീര മേഖലയിലേക്ക് കൊണ്ടുവരുന്നതിനും വിവിധ പദ്ധതികൾ നടപ്പിലാക്കും.

നിലമ്പൂർ, കാളികാവ്, വണ്ടൂർ, അരീക്കോട് ബ്ലോക്കുകളിൽ നിന്നാണ് കൂടുതൽ പാൽ ശേഖരിക്കുന്നത്. നിലമ്പൂർ മേഖലയിൽ നിന്ന് 13 ലക്ഷത്തോളം ലിറ്റർ പാലാണ് ഒരുമാസം ലഭിക്കുന്നത്. വണ്ടൂരാണ് തൊട്ടുപിന്നിൽ, എട്ട് ലക്ഷത്തോളം ലിറ്റർ പാൽ. മലയോര മേഖല കേന്ദ്രീകരിച്ച് പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് പ്രത്യേകം ഊന്നലേകും.

പശുക്കളെ വാങ്ങാനായി പലിശ രഹിത വായ്പ നൽകുന്നതിന് അഞ്ച് കോടി രൂപയാണ് മിൽമ മാറ്റിവച്ചത്. കേരള ബാങ്ക് സംസ്ഥാനത്ത് ക്ഷീര മേഖലയിൽ 500 കോടി രൂപ വായ്പ നൽകാൻ തയ്യാറായിട്ടുണ്ട്. പുതിയ ഫാം തുടങ്ങുന്നവർക്ക് വ്യവസായ വകുപ്പ് 35 ശതമാനം സബ്സിഡി നൽകും. ന്യൂനപക്ഷ വികസന കോർപ്പറേഷനും പട്ടികജാതി വികസന കോർപ്പറേഷനും ക്ഷീര മേഖലയിൽ വായ്പകൾ നൽകുന്നുണ്ട്.

പ്ലാനിംഗ് ബോർഡ് അംഗം പ്രൊഫ.ജിജു പി.അലക്സ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലേയും പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ. എല്ലാ മുൻസിപ്പാലിറ്റികളിലേയും ചെയർമാൻമാർ, വൈസ് ചെയർമാൻമാർ. മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുഴുവൻ അംഗങ്ങൾ, മൂർക്കനാട് പഞ്ചായത്തിലെ മുഴുവൻ അംഗങ്ങൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുത്തു.

സർക്കാരിലേക്ക് സമർപ്പിക്കും

മിൽമ പാൽപ്പൊടി നിർമ്മാണ ഫാക്ടറിയുടെയും മലപ്പുറം ഡെയറിയുടേയും ഉദ്ഘാടനത്തോടനുബന്ധിച്ച് മൂർക്കനാട്ടെ മിൽമ ഡെയറി കാമ്പസിലെ ശിൽപ്പശാലയിൽ രൂപപ്പെട്ട പദ്ധതികളും ആശയങ്ങളും സർക്കാരിലേക്ക് സമർപ്പിക്കും.

ലാഭകരമായ പാലുത്പാദനം എങ്ങനെ സാദ്ധ്യമാക്കാം, ക്ഷീര മേഖലയിലേക്ക് കൂടുതൽ പേരെ എങ്ങിനെ കൊണ്ടുവരാം എന്നീ കാര്യങ്ങളാണ് ശിൽപ്പശാല ചർച്ച ചെയ്തത്.

പാലിന്റെ ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുകയും തീറ്റച്ചെലവ് കുറയ്ക്കുകയുമാണ് ക്ഷീര മേഖലയുടെ ഉന്നതിക്ക് വേണ്ടത്. തീറ്റയ്ക്ക് സബ്സിഡി നൽകുന്നുണ്ട്. നിലവിൽ മലബാർ മിൽമ ഏഴ് ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്നത്. അതുകൊണ്ടു തന്നെ കേരളത്തിൽ എത്രതന്നെ ഉത്പാദനം വർദ്ധിച്ചാലും ആ പാൽ നല്ല വില നൽകി സംഭരിക്കാൻ മിൽമ ഒരുക്കമാണ്.

കെ.എസ്. മണി,​ മിൽമ ചെയർമാൻ