മഞ്ചേരി: ഗവ. മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും ജില്ലയിലെ മറ്റു ആശുപത്രികളിലേക്ക് പുനർവിന്യസിക്കാനുള്ള ജില്ല മെഡിക്കൽ ഓഫീസറുടെ ഉത്തരവ് റദ്ദാക്കണമെന്ന് നഗരസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആരോഗ്യ സ്റ്റാൻഡിംഗ് ചെയർമാൻ റഹീം പുതുക്കൊള്ളിയാണ് പ്രമേയം അവതരിപ്പിച്ചത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.സക്കീന പിന്താങ്ങി.
ജീവനക്കാരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി ഘട്ടം ഘട്ടമായി ജനറൽ ആശുപത്രിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ജനറൽ ആശുപത്രി മഞ്ചേരിയിൽ തന്നെ നിലനിറുത്തണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഐകകണ്‌ഠ്യേന പ്രമേയം അംഗീകരിച്ചു.
സൗന്ദര്യവത്കരണം നടത്തി നഗരസഭ ഹരിത അങ്ങാടിയാക്കി മാറ്റിയ മുട്ടിപ്പാലത്ത് വെൽക്കം ബോർഡ് സ്ഥാപിക്കാൻ കൗൺസിൽ തീരുമാനിച്ചു. പ്രദേശത്തെ നടപ്പാതകളിൽ ജനകീയ പങ്കാളിത്തത്തോടെ ചെടിച്ചട്ടികൾ സ്ഥാപിച്ച് മനോഹരമാക്കിയിരുന്നു. നഗരസഭയ്ക്ക് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിന് റെക്കാഡ് റൂം സജ്ജീകരിക്കുന്നതിനാവശ്യമായ റാക്കുകൾ സജ്ജീകരിക്കുന്നതിന് ലഭിച്ച ക്വട്ടേഷൻ അംഗീകരിച്ചു.
ചെയർപേഴ്സൻ വി.എം.സുബൈദ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, സി. സക്കീന, എൻ.എം. എൽസി, എൻ.കെ. ഖൈറുന്നീസ, കൗൺസിലർമാരായ കണ്ണിയൻ അബൂബക്കർ, ടി.എം. നാസർ, ഹുസൈൻ മേച്ചേരി, അഡ്വ.ബീന ജോസഫ്, അഷ്രഫ് കാക്കേങ്ങൽ, മരുന്നൻ സാജിദ് ബാബു, എ.വി. സുലൈമാൻ, അഡ്വ.പ്രേമ രാജീവ്, സി.പി. അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.