മലപ്പുറം: ജനങ്ങളുടെ പരാതികൾ അപ്പപ്പോൾ പരിഹരിക്കുന്നതിലും സർക്കാർ ഓഫീസുകളിൽ പരാതികൾ കുന്നുകൂടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിലും ഉദ്യോഗസ്ഥ തലത്തിൽ തികഞ്ഞ ജാഗ്രത അനിവാര്യമാണെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. 'കരുതലും കൈത്താങ്ങും' തിരൂർ താലൂക്ക് തല പരാതി പരിഹാര അദാലത്ത് തിരൂർ വാഗൺ ട്രാജഡി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മന്ത്രി വി. അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ അദാലത്ത്.

ജനങ്ങൾക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും ശരിയായ അവബോധമുള്ള കാലമാണിത്. ചെറിയ കാര്യങ്ങൾക്ക് പോലും പലതവണ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ജനാധിപത്യ സംവിധാനത്തിന് ചേർന്നതല്ല. ജനങ്ങളോട് ചേർന്ന് നിൽക്കുന്ന, ജനങ്ങളെ യജമാനൻമാരായി കാണുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇത് മനസ്സിലാക്കി വേണം ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. സർക്കാർ ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന പരാതികളിൽ വലിയ അളവിൽ കുറവുണ്ടാക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. സർക്കാർ അധികാരത്തിൽ വന്നശേഷം വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടേറിയേറ്റ് വരെ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിൽ മുൻഗണന നൽകി. ഒന്നാംഘട്ടത്തിൽ നടത്തിയ താലൂക്ക് തല അദാലത്ത് വഴി നിരവധി പരാതികൾ പരിഹരിച്ചു. ഇതുമൂലം ഇപ്പോൾ നടക്കുന്ന അദാലത്തിൽ പരാതികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെന്നും ഇത് ആശ്വാസകരമാണെന്നും മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസും പ്രസംഗിച്ചു.

ജില്ലാ കളക്ടർ വി.ആർ. വിനോദ്, തിരൂർ സബ കളക്ടർ ദിലീപ് കൈനിക്കര, എ.ഡി.എം. എൻ.എം. മെഹറലി , ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ, ഫീൽഡ് ലെവൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.