മലപ്പുറം: സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന് തടസ്സമായി നിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് താലൂക്ക് തല അദാലത്തുകളിലൂടെ നിർവഹിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പൊന്നാനി താലൂക്ക് തല 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് വേദിയെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

തുടർച്ചയായ അദാലത്തുകളിലൂടെയും ഉദ്യോഗസ്ഥ ഇടപെടലുകളിലൂടെയും താഴേ തട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഇപ്പോൾ നടക്കുന്ന അദാലത്തിൽ പരാതികൾ കുറയുന്നതെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. രണ്ട് മന്ത്രിമാരുടെയും നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. പി. നന്ദകുമാർ എം.എൽ.എ, ജില്ലാ കളക്ടർ വി.ആർ. വിനോദ്, സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, എ.ഡി. എം എൻ.എം. മെഹറലി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ഫീൽഡ് ലെവൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.