malappuram
ക്രിസ്മസിന്റെ സന്തോഷം പങ്കിടാൻ കേക്കുമായി വൈദികർ പാണക്കാട്ടെത്തിയപ്പോൾ.

മലപ്പുറം: ക്രിസ്മസിന്റെ സന്തോഷം പങ്കിടാൻ സ്‌നേഹ മധുരവുമായി വൈദികർ പാണക്കാട്ടെത്തി. മലപ്പുറം ഫാത്തിമമാത ചർച്ചിലെ വികാരി ഫാ. സെബാസ്റ്റ്യൻ ചെമ്പുംകണ്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ക്രിസ്മസ് കേക്ക് സമ്മാനവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. ഊരകം സെന്റ് അൽഫോൻസാ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോസഫ് പാലക്കാടനും പള്ളി ഭാരവാഹികളും സന്നിഹിതരായിരുന്നു. അതിഥികളെ വീടിന്റെ സ്വീകരണ മുറിയിൽ സൽക്കരിച്ചിരുത്തിയ തങ്ങൾ സൗഹൃദ സംഭാഷണം നടത്തുകയും ക്രിസ്മസ് ആശംസകൾ കൈമാറുകയും ചെയ്തു. ക്രിസ്ത്യൻ സമൂഹവുമായുള്ള പാണക്കാട് കുടുംബത്തിന്റെ ബന്ധം എടുത്തു പറഞ്ഞ തങ്ങൾ ഓരോ വർഷവും ഈ കൂടിക്കാഴ്ചകൾ നൽകുന്ന സന്തോഷം ചെറുതല്ലെന്നും കൂട്ടിച്ചേർത്തു. സമൂഹത്തിൽ സാമുദായിക സൗഹാർദം നിലനിറുത്താൻ ഇത്തരം ഒരുമിച്ചു ചേരലും മധുരം പങ്കിടലും അനിവാര്യമാണെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. ഇന്ന് കോഴിക്കോട് ബിഷപ് വർഗീസ് ചക്കാലക്കലിനെ സന്ദർശിക്കുമെന്നും സാദഖിലി തങ്ങൾ അറിയിച്ചു.
എല്ലാവർഷവും ക്രിസ്തുമസ് പ്രമാണിച്ച് പാണക്കാട് സന്ദർശനം നടത്താറുണ്ടെന്നും മത സൗഹാർദം നിലനിറുത്തുന്നതിൽ പാണക്കാട് കുടുംബം വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ പറഞ്ഞു. മുനമ്പം വിഷയത്തിൽ സൗഹാർദ്ദം നിലനിറുത്താനായി തങ്ങൾ നിലപാടെടുത്തു. തങ്ങൾ കുടുംബവുമായുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഓരോ ആഘോഷങ്ങളിലും സന്തോഷം പങ്കിടാൻ ഇവിടെയെത്തുന്നതിന് കാരണം അതാണെന്നും ഫാ. സെബാസ്റ്റ്യൻ ചമ്പുകണ്ടത്തിൽ പറഞ്ഞു. പാണക്കാട്ടെ സന്ദർശനത്തിന് ശേഷം വൈദികർ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയും സന്ദർശിച്ചു സ്‌നേഹ സമ്മാനം കൈമാറി.

ക്രിസ്മസിന്റെ സന്തോഷം പങ്കിടാൻ കേക്കുമായി വൈദികർ പാണക്കാട്ടെത്തിയപ്പോൾ.