എടപ്പാൾ: ക്ഷണിക്കപ്പെട്ട അതിഥി ഒരു സ്വപ്നമെന്നപോൽ ജ്ഞാനപീഠ ജേതാവായത് ഇന്നും ഒരു ദേശത്തിന്റെ മറക്കാനാവാത്ത ഓർമ്മയാണ്. ശുകപുരം ആർട്സ് ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെ കുളങ്കര സുവനീർ പ്രകാശനം ചെയ്യാൻ കവി പി.എം പള്ളിപ്പാടിന്റെ ക്ഷണം സ്വീകരിച്ച് എത്താമെന്ന് എം.ടി. വാസുദേവൻ നായർ ഉറപ്പ് നൽകി. സുവനീർ പ്രകാശനത്തിന്റെ തലേ ദിവസം വൈകിട്ട് അപ്രതീക്ഷിതമായി ആ വാർത്ത വന്നു. ആ വർഷത്തെ ജ്ഞാനപീഠ പുരസ്‌കാരം എം.ടിക്കാണ്. സുവനീർ പ്രകാശനത്തിന്റെ പ്രചാരണാർത്ഥം ഓട്ടോറിക്ഷയിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്തിയിരുന്ന ആത്മജൻ പള്ളിപ്പാടിന്റെ അടുത്തേയ്ക്ക് വാർത്ത ആകാശവാണിയിൽ കേട്ട അന്നത്തെ പ്രസ് ജീവനക്കാരനായ വിജയകുമാർ ഓടി വന്ന് വിവരം അറിയിച്ചു. ഉടൻ ജ്ഞാനപീഠ ജേതാവിന് ശുകപുരത്ത് സ്വീകരണം എന്നാക്കി ആത്മജൻ പള്ളിപ്പാട്.

നാട്ടിലെ ഒരു സാംസ്‌കാരിക ക്ലബ്ബിന്റെ ചെറിയ പരിപാടി പിന്നീട് സ്വപ്നതുല്യമാകുകയായിരുന്നു. കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാരടക്കമുള്ളവർ ക്ഷണിക്കാതെ തന്നെ ശുകപുരത്ത് എത്തി. ഉത്സവകാലമായതിനാൽ അന്ന് ദേശത്തിന്റെ പ്രസിദ്ധ കലാരൂപമായ പൂതനും തിറയും വാദ്യങ്ങളും അടക്കം ആവേശോജ്ജ്വലമായ സ്വീകരണമായിരുന്നു എം.ടിക്ക് ലഭിച്ചത്. എം.ടി ആദ്യമായി സംവിധാനം ചെയ്ത നിർമ്മാല്യം സിനിമയുടെ ഷൂട്ടിംഗ് സമയത്ത് രണ്ട് മാസക്കാലം ശുകപുരത്താണ് താമസിച്ചത്. നിരവധി നാട്ടുകാർക്ക് എം.ടി ചിത്രത്തിൽ വേഷം നൽകിയിരുന്നു.