തിരൂർ: തുഞ്ചൻ പറമ്പിന് നഷ്ടമായത് തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ ആചാര്യനെയാണ്. 1992-ലാണ് അദ്ദേഹം തുഞ്ചൻ ട്രസ്റ്റിന്റെ ചെയർമാനാകുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലെടുത്ത തീരുമാനങ്ങളും പ്രവർത്തനങ്ങളുമാണ് ഇന്ന് കാണുന്ന വിധം തുഞ്ചൻ പറമ്പിനെ മലയാളത്തിന്റെ അഭിമാനമാക്കി വളർത്തിയത്.

മലയാള ഭാഷയ്ക്ക് അടിത്തറയിട്ട എഴുത്തച്ഛന്റെ സ്മരണയ്ക്കായാണ് 1961 ഡിസംബറിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള തുഞ്ചൻ സ്മാരക ട്രസ്റ്റിന് തറക്കല്ലിട്ടത്. നടത്തിപ്പിനായി 1964ൽ സർക്കാർ 12 അംഗ സമിതി രൂപീകരിച്ചു. തുടർന്ന് കെ.പി. കേശവമേനോൻ,​ പുന്നക്കൽ കുട്ടിശങ്കരൻ, ടി.എൻ.ജയചന്ദ്രൻ, ഡോ.എം.എസ്. മേനോൻ തുടങ്ങിയവർ സമിതിയെ നയിച്ചു. തുടർന്ന് 1992 മുതൽ ഈ കാലയളവിൽ ചെയർമാൻ സ്ഥാനം വഹിച്ച എം.ടിയുടെ നേതൃത്വത്തിലാണ് തുഞ്ചൻപറമ്പ് കേരളത്തിന്റെ സാംസ്കാരിക ആസ്ഥാനമായി വളർന്നത്. തുഞ്ചൻ പറമ്പിനോട് ചേർത്തുവയ്ക്കുന്ന രീതിയിൽ എം.ടിയുടെ പേരും മാറി. തുഞ്ചൻ ഉത്സവത്തെ ഗൗരവമേറിയ സാംസ്കാരിക, സാഹിത്യ സംവാദ വേദിയാക്കി അദ്ദേഹം മാറ്റി.

വലിയ ലൈബ്രറി, ഗവേഷണ കേന്ദ്രം, സാഹിത്യ മ്യൂസിയം, വിപുലീകരിച്ച ഓഡിറ്റോറിയം, പാചകപ്പുര, സരസ്വതീ മണ്ഡപം, ശിൽപ മന്ദിരം, എഴുത്തുകളരി, വിശ്രമ മന്ദിരം,​ താമസ സൗകര്യങ്ങൾ തുടങ്ങി ഇന്ന് തുഞ്ചൻ പറമ്പിൽ കാണുന്ന വികസനങ്ങൾക്കെല്ലാം നേതൃത്വം നൽകിയത് എം.ടി. നേതൃത്വം നൽകുന്ന സമിതിയാണ്. തുഞ്ചൻ പറമ്പിലെ ഓരോ ഇടങ്ങളിലും എം. ടിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.

എം.ടി. തുഞ്ചൻ പറമ്പിലെത്തിയാൽ ആദ്യം പറമ്പ് മുഴുവൻ ചുറ്റിക്കാണും.പിന്നീട് വരാന്തയിലിരുന്നാണ് അദ്ദേഹം തന്റെ മനസ്സ് കടലാസിലേക്ക് പകർത്തിയിരുന്നത്. 2023-ൽ തുഞ്ചൻ പറമ്പിൽ വച്ചാണ് അദ്ദേഹത്തിന്റെ നവതി ആഘോഷിച്ചത്. വാർദ്ധക്യ സഹജമായ അസുഖ സമയത്തും തിരൂർ തുഞ്ചൻ പറമ്പിൽ നടക്കുന്ന മിക്ക പരിപാടികൾക്കും അദ്ദേഹം പങ്കെടുത്തിരുന്നു.