പെരിന്തൽമണ്ണ: ഒരു വർഷം പോലും മുടങ്ങാതെ തുഞ്ചൻപറമ്പിലെത്തി എം.ടി.വാസുദേവൻ നായരെ സന്ദർശിക്കാറുണ്ടായിരുന്നു അങ്ങാടിപ്പുറം പരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസിലെ കുട്ടികൾ. തിരൂർ തുഞ്ചൻപറമ്പിൽ സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന കുട്ടികളുമായി സംസാരിക്കാനും അവർക്കൊപ്പം ഫോട്ടോയെടുക്കാനും ചോദ്യങ്ങൾക്ക് മറുപടി പറയാനും എം.ടി. സമയം കണ്ടെത്തിയിരുന്നു. തുഞ്ചൻപറമ്പിലെ അദ്ദേഹത്തിന്റെ മുറിയിലേക്കെത്തുന്ന വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തകരായ കുട്ടികളെ വാത്സല്യപൂർവം വിളിച്ചിരുത്തി സംസാരിക്കുക ഓരോ വർഷവും പതിവാണ്. ഇനി തുഞ്ചൻപറമ്പിൽ എത്തുമ്പോൾ എം.ടി. ഇല്ലല്ലോ എന്നുള്ള സങ്കടമാണ് കുട്ടികൾക്ക്.

ഒടുവിൽ സന്ദർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും കുട്ടികളുടെ മനസ്സിലുണ്ട്. 'വയലുകളും പുഴകളും കുന്നുകളും നമ്മുടെ സ്വത്താണ്. അവ ഉപേക്ഷിച്ച് നമുക്ക് ജീവിതം ഇല്ലെന്ന് നിങ്ങൾ തിരിച്ചറിയണം. റോഡിൽ കിടക്കുന്ന കീറക്കടലാസിൽ നിന്നുപോലും നമുക്ക് അറിവ് ലഭിക്കും. വായനയോളം വലുതായി ഒന്നുമില്ല. അറിവാണ് യഥാർഥ സമ്പത്ത്' എം.ടി. കുട്ടികളെ ഓർമിപ്പിച്ചു.

വിദ്യാരംഗം കോഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, അദ്ധ്യാപിക ദിൽന സിൽവിയ, വിദ്യാരംഗം ഭാരവാഹികളായ പി.ലിബ വഹാബ്, എഡ്വിൻ ജോസി, അശ്വിൻ അജീഷ്, കെ.എസ്.നിഹ ഫാത്തിമ, എം.ബി.ദിയ, മിത ട്രീസ,​ ജിയ മരിയ റോസ്, റോയ്സ് പോൾസൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒടുവിൽ അദ്ദേഹത്തെ സന്ദർശിച്ചത്.