deshiya-patha

പൊന്നാനി:പൊന്നാനി കാപ്പിരിക്കാട് മുതൽ ജില്ലാ അതിർത്തിയായ രാമനാട്ടുകര വരെയുള്ള ഭാഗത്തെ ദേശീയപാതയുടെ നിർമ്മാണപ്രവർത്തനം അവസാനഘട്ടത്തിൽ.രണ്ട് റീച്ചുകളായി ഏകദേശം 76കിലോമീറ്റർ ദൂരം നിലവിൽ ജില്ലയിൽ ദേശീയപാത കടന്നു പോകുന്നു. സംസ്ഥാനത്ത് തന്നെ അതിവേഗത്തിൽ നിർമ്മാണം പൂർത്തിയായ ഭാഗങ്ങളും നിലവിൽ മലപ്പുറം ജില്ലയിൽ തന്നെയാണ്.നിരവധി പാലങ്ങൾ ഇതോടൊപ്പം ഉയരുന്നുണ്ട്.ഇതിൽ ഏറ്റവും പ്രധാനമാണ് വർഷങ്ങൾ പഴക്കമുള്ള കുറ്റിപ്പുറം പാലത്തിന്റെ പകരം മറ്റൊരു പാലം ഉയരുന്നത്. അതിവേഗത്തിലാണ് ഇവിടെ പാലത്തിന്റെ നിർമ്മാണപ്രവർത്തനം പൂർത്തിയായത്.നിലവിൽ രണ്ട് റീച്ചുകളായി നിർമ്മാണം നടക്കുന്ന ഈ ഭാഗങ്ങളിൽ ഏകദേശം 90ശതമാനംപണികളും പൂർത്തിയായി കഴിഞ്ഞു. ഇനി റോഡിലെ ചെറിയ ടാറിങ് വർക്ക് ഒപ്പം പെയിന്റിംഗ് ജോലികളും ചില പാലങ്ങളിലെ പണികളും മാത്രമേ നിലവിൽ പൂർത്തിയാക്കാൻ ഉള്ളൂ.നിലവിൽ ദേശീയപാതയുടെ പല ഭാഗത്തായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് ഇത് യാത്രക്കാർക്ക് സുരക്ഷിതത്വം നൽകും. ഇതിന്റെ നിരീക്ഷണ പ്രവർത്തനം നടക്കുക കഞ്ഞിപ്പുര ഭാഗത്തെ ടോൾഗേറ്റിനോട് ചേർന്ന കെട്ടിടത്തിലാണ്.

നിലവിൽ വളാഞ്ചേരി, കോട്ടക്കൽ ഭാഗങ്ങളിൽ ഉണ്ടായിരുന്ന ഗതാഗത കുരുക്കും അപകടങ്ങളും പൂർണ്ണമായും ഇനി പഴങ്കഥയാകും. അതിവേഗത്തിൽ ആളുകൾക്ക് എറണാകുളം ഭാഗത്ത് നിന്നും കോഴിക്കോട് എത്തിച്ചേരാൻ റോഡ് മാർഗ്ഗം സാധിക്കും.

റോഡ് മുറിച്ചു കടക്കാൻ

സംവിധാനം വേണം

ദേശീയപാത പൂർണ്ണമായും പ്രവർത്തനസജ്ജമാകുമ്പോൾ നിരവധി ചോദ്യങ്ങൾ ഇപ്പോഴും ഉയരുന്നുണ്ട്. വേണ്ട രീതിയിൽ റോഡ് മുറിച്ചു കടക്കാൻ സംവിധാനം ഇല്ലാതാകുന്നുവെന്നതാണ് പ്രധാനപരാതി. അണ്ടർപാസും ഓവർ ബ്രിഡ്ജുമുള്ള സ്ഥലങ്ങളിൽ മാത്രമേ ജനങ്ങൾക്ക് ഇത്തരത്തിൽ പാത മറികടക്കാൻ സാധിക്കൂ. പൊന്നാനി ഭാഗത്താണ് ദേശീയ പാതയുടെ ദുരിതം ഏറെ നേരിടാൻ പോകുന്നത്. പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ കഴിഞ്ഞാൽ പിന്നീട് പള്ളപ്രം ഭാഗത്ത് മാത്രമാണ് റോഡ് മുറിച്ചു കടക്കാൻ കഴിയുക. ഇത് ഈ ഭാഗങ്ങളിൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നൽകും. തവനൂർ പഞ്ചായത്തിലെ പല ഭാഗങ്ങളും രണ്ട് അറ്റത്തായി മാറും. ഇത്തരം പ്രശ്നങ്ങൾ ഉയർത്തുന്ന ആശങ്കകൾ കൂടി പരിഹരിച്ചാൽ പൊതുജനങ്ങൾക്ക് ഹൈവേ നിർമ്മാണം കൂടുതൽ സൗകര്യമാകും.


ദേശീയപാത അയങ്കലം ഭാഗത്തെ ദൃശ്യം