malappuram

മലപ്പുറം: ജില്ലയിൽ റിവർ മാനേജ്‌മെന്റ് ഫണ്ടിന്റെ വിനിയോഗം കാര്യക്ഷമമാക്കുമെന്നും ജനപ്രതിനിധികൾ നിർദ്ദേശിക്കുന്ന പദ്ധതികൾ പരിശോധിച്ച് അനുമതി നൽകുമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. റിവർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്ന് എം.എൽ.എമാർ നിർദ്ദേശിക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകണമെന്ന് പി. ഉബൈദുള്ള എം.എൽ.എ ജില്ലാ വികസന സമിതി യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്നാണ് ജില്ലാ കളക്ടറുടെ പ്രതികരണം. ഫണ്ടിൽ നിന്ന് ഇതിനകം ഒമ്പത് പദ്ധതികൾക്ക് ഭരണാനുമതി നൽകിയതായി ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ യോഗത്തിൽ അറിയിച്ചു.

ഭിന്നശേഷിക്കാർക്കുള്ള സവിശേഷ തിരിച്ചറിയൽ കാർഡായ യു.ഡി.ഐ.ഡി. ലഭ്യമാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ടു. ആയിരത്തിലധികം അപേക്ഷകൾ ജില്ലയിൽ കെട്ടിക്കിടക്കുന്നുണ്ടെന്നും കാർഡ് ലഭ്യമാവാത്തതിനാൽ ഭിന്നശേഷിക്കാർക്കുള്ള സ്‌കോളർഷിപ്പുകൾ തടസപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം നടപടികൾ വൈകിയിരുന്നുവെന്നും ഇപ്പോൾ കൃത്യമായി മെഡിക്കൽ ബോർഡ് ചേരുന്നുണ്ടെന്നും അത്യാവശ്യക്കാർക്ക് മുൻഗണനാടിസ്ഥാനത്തിൽ കാർഡ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ദേശീയപാതയിൽ പുത്തനത്താണിക്കും വെട്ടിച്ചിറയ്ക്കും ഇടയിൽ കരിപ്പോളിൽ വീടുകളിലേക്ക് മഴവെള്ളം കുത്തിയൊലിക്കുന്നതിന് പരിഹാരം കാണൽ, തിരുന്നാവായ കൽപകഞ്ചേരി റോഡ്, തിരൂർ കുട്ടികളത്താണി റോഡ് വികസനം തുടങ്ങിയ വിഷയങ്ങളും എം.എൽ.എ യോഗത്തിൽ ഉന്നയിച്ചു.

എല്ലാ വകുപ്പുകളും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്നും റാങ്ക് പട്ടികയില്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നും പി. ഉബൈദുള്ള എം.എൽ.എ. ആവശ്യപ്പെട്ടു. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ അംഗീകാരം വൈകുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഴിവുകൾ സമയബന്ധിതമായി പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനും നിയമന നടപടികൾ വേഗത്തിലാക്കാനും എല്ലാ ഓഫീസ് മേധാവികൾക്കും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

അവധിക്കാലമായതിനാൽ വിനോദസഞ്ചാര ബോട്ട് സർവീസുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് പി.അബ്ദുൾ ഹമീദ് എം.എൽ.എ. ആവശ്യപ്പെട്ടു. ലൈസൻസുള്ള ബോട്ടുകൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്നും ഉറപ്പാക്കണം. ജില്ലയിൽ വാഹനാപകടകങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുക്കപ്പെട്ട ബ്ലാക്ക് സ്‌പോട്ടുകളിൽ ഒരുമാസം നീളുന്ന പൊലീസ് ആർ.ടി.ഒ സംയുക്ത പരിശോധന നടത്തി വരുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ പ്രതിനിധി യോഗത്തിൽ അറിയിച്ചു. പെരിന്തൽണ്ണ മാനത്തുമംഗലം ജംഗ്ഷനിലും മെയിൻ റോഡ് ചേരുന്ന ബൈപ്പാസിലും ചെറിയ നവീകരണം നടത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നും എം.എൽ.എ യോഗത്തിൽ ആവശ്യമുന്നയിച്ചു.

ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായി. അസിസ്റ്റന്റ് കളക്ടർ വി.എം.ആര്യ, എ.ഡി.എം. എൻ.എം.മെഹറലി, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.ഡി.ജോസഫ്, ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു. അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് യോഗം തുടങ്ങിയത്‌