മഞ്ചേരി : 16-കാരിയെ പലതവണ ബലാത്സംഗം ചെയ്ത മന്ത്രവാദിക്ക് മഞ്ചേരി സ്‌പെഷ്യൽ പോക്‌സോ കോടതി 54 വർഷം കഠിനതടവും 2.95 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ ചാവക്കാട് തൊയക്കാവ് ചുങ്കത്ത് പണിക്കവീട്ടിൽ പി.സി മുഹമ്മദിനെയാണ് (50) ജഡ്ജ് എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ മാനസിക വെല്ലുവിളി നേരിടുന്ന മാതാവിന് മന്ത്രവാദ ചികിത്സ നൽകാനായി വീട്ടിലെത്തിയതായിരുന്നു പ്രതി. അർദ്ധരാത്രി വീടിന്റെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പലദിവസങ്ങളിൽ ഇത് ആവർത്തിച്ചു. പുറത്തുപറഞ്ഞാൽ വിവാഹം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. കുട്ടിക്ക് പ്രായപൂർത്തിയായതോടെ വീട്ടുകാർ വിവാഹാലോചന ആരംഭിച്ചു. എന്നാൽ പെൺകുട്ടി വിവാഹത്തിന് സമ്മതിക്കാതിരുന്നതോടെ ബന്ധുകൂടിയായ കൂട്ടുകാരി ചോദിച്ചതിലാണ് പീഡന വിവരം പുറത്തുപറഞ്ഞത്. തുടർന്ന് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി.
പോക്‌സോ ആക്ടിലെ അഞ്ച് (എൽ) വകുപ്പ് പ്രകാരം 40 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ 3 മാസം അധികതടവ് അനുഭവിക്കണം. ഒമ്പത് (എൽ) വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ച് വർഷം കഠിനതടവ്, അര ലക്ഷം രൂപ പിഴ, 354 വകുപ്പ് പ്രകാരം മാനഹാനി വരുത്തിയതിന് രണ്ട് വർഷം കഠിന തടവ്, 10000 രൂപ പിഴ, 506 വകുപ്പ് പ്രകാരം ഭീഷണിപ്പെടുത്തിയതിന് രണ്ടു വർഷം കഠിനതടവ് കാൽ ലക്ഷം രൂപ പിഴ എന്നിങ്ങനെയും ശിക്ഷയുണ്ട്. പിഴയൊടുക്കിയില്ലെങ്കിൽ നാലു വകുപ്പുകളിലും ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. പിഴയടയ്ക്കുന്നപക്ഷം തുക അതിജീവിതയ്ക്ക് നൽകണമെന്നും പ്രതിയുടെ റിമാൻഡ് കാലാവധി ശിക്ഷയായി പരിഗണിക്കുമെന്നും കോടതി വിധിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ ജയിലിലേക്കയച്ചു.