വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയിൽ റോഡരികിലുള്ള കുളത്തിൽ കക്കൂസ് മാലിന്യം തള്ളിയ സാമൂഹ്യ വിരുദ്ധരെ ഉടൻ കണ്ടെത്തി,നിയമ നടപടികൾ സ്വീകരിക്കണമെന്ന് തോട്ടശ്ശേരിയറ സൗഹൃദ വേദി പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. നാട്ടിലെ സൗഹൃദാന്തരീക്ഷം തകർക്കുന്ന രീതിയിൽ മേൽ സംഭവത്തെ മാറ്റാനുള്ള ശ്രമം തടയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രദേശത്തെ കിണറുകളിലേക്കും ജലസ്രോതസ്സുകളിലേക്കും മാലിന്യം പടരുന്നത് തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതരോടും യോഗം ആവശ്യപ്പെട്ടു. പ്രതികളെ ഉടൻ കണ്ടെത്തി പോലീസ് മാതൃകാപരമായി നടപടിയെടുക്കണം. വ്യാഴാഴ്ച രാത്രിയിലാണ് സാമൂഹ്യവിരുദ്ധർ കുളത്തിൽ മാലിന്യം തള്ളിയത്. തോട്ടശ്ശേരിയറ സൗഹൃദ വേദി മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട്, വേങ്ങര പൊലീസ്, പഞ്ചായത്ത് അധികൃതർ എന്നിവർക്കും സൗഹൃദ വേദി പരാതി നൽകിയിട്ടുണ്ട്.