
മലപ്പുറം: ജില്ലയിൽ തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) കേന്ദ്രത്തിനായി നാല് വർഷമായിട്ടും സ്ഥലം കണ്ടെത്താനാവാതെ ജില്ലാ പഞ്ചായത്ത്. 2025 ജനുവരി ആദ്യവാരം ജില്ലാ പഞ്ചായത്തിൽ വെറ്ററിനറി ഡോക്ടർമാരുടെ യോഗം ജില്ലാ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നടത്തി സ്ഥിതിഗതികൾ വിലയിരുത്തും. എ.ബി.സി കേന്ദ്രത്തിനുള്ള സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറിൽ പ്രത്യേക യോഗം ഈ മാസം ചേർന്നതിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഭൂമി കണ്ടെത്താൻ കളക്ടർ നിർദേശം നൽകിയിരുന്നു. തുടർന്ന് റവന്യൂ ഭൂമി കണ്ടെത്തിയെങ്കിലും കൃത്യമായ വഴി സൗകര്യങ്ങളടക്കം ഇല്ലാത്തതിനാൽ ഉപേക്ഷിക്കുകയായിരുന്നു.
ഓപ്പറേഷൻ തിയേറ്റർ, പ്രീഓപ്പറേറ്റിംഗ് കെയർ, വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ശേഷം മുറിവുണങ്ങുന്നത് വരെ ശുശ്രൂഷിക്കാനായുള്ള പോസ്റ്റ് ഓപ്പറേറ്റിംഗ് കെയർ, ഡോക്ടർമാർക്ക് താമസിക്കാനുള്ള സൗകര്യം എന്നിവ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഫലം കണ്ടില്ല
തിരൂർ താലൂക്കിലെ നടുവട്ടം വില്ലേജിൽ സ്ഥലം കണ്ടെത്തിയതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നെങ്കിലും മതിയായ സ്ഥല സൗകര്യമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഉപേക്ഷിക്കുകയായിരുന്നു. മങ്കടയിലെ കടന്നമണ്ണ മൃഗാശുപത്രിയ്ക്ക് സമീപവും സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും ജനവാസ മേഖലയായതിനാൽ എതിർപ്പുകൾ ഉയർന്നതോടെ പദ്ധതിയിൽ നിന്ന് പിന്മാറി. വണ്ടൂർ, ഊരകം, മൂർക്കനാട് ഗ്രാമപഞ്ചായത്തുകളിൽ എ.ബി.സി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജില്ലാ മൃഗസംരക്ഷണ വകുപ്പ് നേരത്തെ നീക്കം നടത്തിയിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ നടത്തിപ്പ് ബാദ്ധ്യതയാവുമോ എന്നതും ഫണ്ട് ലഭ്യതയും തെരുവുനായകളെ കൂട്ടത്തോടെ ഒരിടത്തേക്ക് കൊണ്ടുവരുന്നത് ജനകീയ പ്രതിഷേധത്തിന് കാരണമാകുമോ എന്നും ചൂണ്ടിക്കാണിച്ച് പഞ്ചായത്തുകൾ താത്പര്യം കാണിച്ചില്ല.
ജില്ലയിൽ 18,000ത്തോളം തെരുവുനായകൾ ഉണ്ടെന്നാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.
നേരത്തെ കുടുംബശ്രീ പ്രവർത്തകർക്കായിരുന്നു തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനുള്ള ചുമതല നൽകിയിരുന്നതെങ്കിലും വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന് പറഞ്ഞ് ഹൈക്കോടതി വിലക്കുകയായിരുന്നു.
2016ൽ ആരംഭിച്ച ജില്ലയിലെ തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങൾ 2020ൽ നിറുത്തുകയായിരുന്നു. ഈ കാലയളവിൽ 3,307തെരുവുനായകളെയാണ് വന്ധ്യംകരിച്ചത്.