 
മലപ്പുറം: മലപ്പുറം ഗവ. കോളേജിലെ എൻ.എസ്.എസ് യൂനിറ്റ് അട്ടപ്പാടി കോട്ടത്തറ ഗവ. കോളേജിൽ സംഘടിപ്പിച്ച 'കമ്പളം' സപ്ത ദിന സഹവാസ ക്യാമ്പിന് സമാപനം. പട്ടിക വർഗ വകുപ്പിന് കീഴിലുള്ള പട്ടിമാളം ഓർഗാനിക് ഫാമിന്റെ നവീകരണം, അഗളി പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ, ക്യാമ്പസ് സൗന്ദര്യവൽക്കരണം തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾ നടത്തിയത്. ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് മുക്ത അഗളി ഗ്രാമം പദ്ധതിയുടെ പ്രചാരണാർത്ഥം കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയും പരിസരവും ശുചീകരിക്കുകയും ശുചിത്വ ബോധവൽക്കരണ ഫ്ളാഷ് മോബ് അവതരിപ്പിക്കുകയും ചെയ്തു. 100 വളണ്ടിയർമാർ പങ്കെടുത്ത ക്യാമ്പിന്റെ സമാപന സംഗമം അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുഹമ്മദ് നാസർ അദ്ധ്യക്ഷനായി. പ്രോഗ്രാം ഓഫീസർമാരായ ഡോ. ടി.ഹസനത്ത്, മൊയ്തീൻകുട്ടി കല്ലറ, അദ്ധ്യാപകരായ അമീൻദാസ്, യു.സജീവ്, ദിൽഷാദ്, വളണ്ടിയർ സെക്രട്ടറിമാരായ ഫാത്തിമ ഹെന്ന, എൻ.കെ. ഖൻസ, ഷഫീഖ് റഹ്മാൻ, ഖമറുന്നീസ സംസാരിച്ചു.
വിദ്യാർത്ഥികളായ റമിഷ, അശ്വതി, ജിഷിദ, വൃന്ദ കൃഷ്ണ, ദേവ പ്രിയ, വരദ, ശിവജ്യോതി എന്നിവർ ഫ്ളാഷ് മോബിന് നേതൃത്വം നൽകി.