മഞ്ചേരി : ബാലികയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതിന് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങി അതേ ബാലികയെ വീണ്ടും ബലാത്സംഗം ചെയ്ത രണ്ടാനച്ഛന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി വിവിധ വകുപ്പുകളിലായി 57 വർഷം കഠിന തടവും 3.48 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്‌നാട് തിരുവാരൂർ സ്വദേശിയെയാണ് ജഡ്ജ് എ. എം. അഷ്റഫ് ശിക്ഷിച്ചത്. ബാലികയുടെ മാതാവിനെ ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് രണ്ടാമത് വിവാഹം കഴിച്ചതാണ് പ്രതി. തമിഴ്‌നാട് സ്വദേശികളായ കുടുംബം ജോലി അന്വേഷിച്ചാണ് മലപ്പുറം ജില്ലയിലെത്തിയത്. പെൺകുട്ടിക്ക് 12 വയസ്സുള്ളപ്പോഴായിരുന്നു ആദ്യ പീഡനം. കുട്ടിയുടെ മാതാവ് ജോലിക്ക് പോകുന്ന സമയങ്ങളിൽ താമസ സ്ഥലത്തു വച്ച് കുട്ടിയെ പലതവണ പീഡിപ്പിച്ചു. 2017 മുതൽ 2020 നവംബർ വരെയുള്ള കാലയളവിൽ വിവിധ വാടക ക്വാർട്ടേഴ്സുകളിലാണ് പീഡനം നടന്നത്. 2021 ഫെബ്രുവരി അഞ്ചിന് കുട്ടി കൂട്ടുകാരിയോടൊത്ത് വാടക ക്വാർട്ടേഴ്സിന്റെ മുറ്റത്തു കളിച്ചു കൊണ്ടിരിക്കെ രണ്ടാനച്ഛൻ വീട്ടിലേക്ക് വരികയും കിടപ്പുമുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. ഇക്കാര്യം കുട്ടി കൂട്ടുകാരിയോടും ജോലി കഴിഞ്ഞെത്തിയ മാതാവിനോടും പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്. മാതാവ് കുട്ടിയോടൊപ്പം മലപ്പുറം പൊലീസിലെത്തി പരാതി നൽകി. ഈ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം രണ്ടാമതും പീഡിപ്പിക്കുകയായിരുന്നു. ആദ്യത്തെ കേസിൽ ഇയാളെ കോടതി 141 വർഷം കഠിന തടവിനും 7.85 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. പ്രതി പിഴയടച്ചില്ലെങ്കിൽ ഒമ്പതു മാസത്തെ അധിക തടവ് അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നൽകണം. സർക്കാരിന്റെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും അതിജീവിതയ്ക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം. അതിജീവിതയുടെ മാതാവ് കേസിൽ രണ്ടാം പ്രതിയായിരുന്നുവെങ്കിലും കോടതി ഇവരെ കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെവിട്ടു.