d

നിലമ്പൂർ: ചന്തക്കുന്നിലെ പരുന്തൻ ഹംസ എന്ന ഹംസാക്കയുടെ കപ്പക്കടയിൽ ഒരുനേരത്തും ആളുണ്ടാകില്ല. കപ്പ മേശപ്പുറത്തു വച്ചിട്ടുണ്ടാകും. ബോർഡിൽ വിലയും. കടയിലെത്തുന്നവർക്ക് ആവശ്യത്തിന് കപ്പ ത്രാസിൽ തൂക്കിയെടുക്കാം. തുക മേശയുടെ വലിപ്പിലിട്ടാൽ മതി. ബാക്കി തുക വേണമെങ്കിൽ വലിപ്പിൽ നിന്നെടുക്കാം. സംശയിക്കേണ്ട,​ സിസി ടിവിയൊന്നും കടയിലില്ല. കഴിഞ്ഞ 20 കൊല്ലമായി കട പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്.

ഒരു ദിവസം 200 കിലോയോളം കപ്പയാണ് കടയിൽ നിന്നും വിൽക്കുന്നത്.
അതിരാവിലെ കപ്പ വിവിധയിടങ്ങളിൽ നിന്നെത്തിച്ച് ചന്തക്കുന്ന് ബംഗ്ലാവ് റോഡിലുള്ള തന്റെ കടയിലെത്തിക്കും. ഇവിടത്തെ കച്ചവടത്തിനുള്ള കപ്പ മാറ്റി വച്ച ശേഷം ബാക്കി ഹോട്ടലുകളിലും മറ്റ് കടകളിലും സ്കൂട്ടിയിൽ എത്തിച്ചു കൊടുക്കും. 12 മണിക്കുള്ളിൽ എല്ലാ ജോലികളും കഴിഞ്ഞ് വീട്ടിലെത്തും. വൈകിട്ട് ആറുവരെ വിശ്രമിക്കും. ശേഷംകടയിലെത്തി പണമെടുക്കും.

94 കാരനായ ഹംസാക്കയ്ക്ക് എല്ലാവരെയും വിശ്വാസമാണ്. അതാണ് ഇത്തരത്തിൽ കപ്പ വിൽക്കാൻ കാരണം. ഇതുവരെ ആരും പറ്റിച്ചതായി അനുഭവമില്ല.
മമ്പാട് കാട്ടുമുണ്ട സ്വദേശിയാണ് ഹംസാക്ക. നാലാം ക്ലാസിൽ പഠനം നിറുത്തി പിതാവിനൊപ്പം കച്ചവടത്തിൽ കൂടിയതാണ് . ഭാര്യ ബിയ്യാത്തുമ്മ.
ഏഴ് മക്കളുണ്ട്.