pipe

വടക്കഞ്ചേരി: മംഗലംഡാമിൽ നിന്ന് ചെളിനീക്കൽ പൂർത്തിയാകാത്തതിനാൽ കുടിവെള്ള പദ്ധതിക്കായി വെള്ളം ലഭ്യമാകുമോ എന്ന ആശങ്കയിൽ നാല് പഞ്ചായത്തുകൾ. നെൽക്കൃഷിക്ക് ആവശ്യമായ വെള്ളം പോലും നൽകാൻ പ്രയാസപ്പെടുന്ന ഡാമിൽ നിന്ന് കുടിവെള്ള ആവശ്യങ്ങൾക്ക് കൂടി വെള്ളം ലഭിക്കുമോ എന്നതായിരുന്നു മംഗലംഡാം കുടിവെള്ളപദ്ധതിക്കു രൂപം നൽകുമ്പോൾ ഉയർന്ന പ്രധാന ചോദ്യം. സംഭരണിയിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്താൽ ആവശ്യത്തിന് വെള്ളം കിട്ടുമെന്നായിരുന്നു അന്ന് അധികൃതർ നൽകിയ മറുപടി. എന്നാൽ രണ്ടര വർഷത്തിലേറെയായി ചെളി നീക്കം നിലച്ചിരിക്കുകയാണ്.

രണ്ടാംവിള നെൽക്കൃഷിക്കുള്ള ജലവിതരണം കഴിയുമ്പോൾ മംഗലംഡാമിൽ ശേഷിക്കാറുള്ളത് കരുതൽശേഖരം മാത്രമാണ്. 64 മീറ്ററാണ് സംഭരണിയിലെ കരുതൽ ശേഖരത്തിന്റെ അളവ്. സംഭരണിയിലെ മത്സ്യക്കൃഷിക്കും വേനലിൽ ജലസ്രോതസുകൾ വറ്റിവരണ്ടാൽ റീചാർജിംഗിന് തുറന്നുവിടാനുമാണ് കരുതൽ ശേഖരം. കരുതൽശേഖരത്തിന്റെ അളവെത്തിയാൽ കനാൽ അടയ്ക്കും. വേനൽ കടുക്കുമെന്ന മുന്നറിയിപ്പുണ്ടെങ്കിൽ കനാൽ വീണ്ടും തുറക്കില്ല. നെൽക്കൃഷി ഉണങ്ങുകയും ചെയ്യും.

ചെളിനീക്കം ആരംഭിച്ചത് 2021 ൽ

സംസ്ഥാനത്തെ പൈലറ്റ് പദ്ധതിയായി 2021 ഫെബ്രുവരിയിൽ മംഗലംഡാമിലെ ചെളിനീക്കം ആരംഭിച്ചെങ്കിലും 2022 ഏപ്രിലിൽ നിലച്ചു. കരാർ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം. ഇനി കുടിവെള്ള പദ്ധതിയുടെ ജോലികൾ പൂർത്തിയായാലും ഡാമിൽ നിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. 25.344 എം.എം ക്യൂബാണ് മംഗലംഡാമിന്റെ സംഭരണശേഷി. ഇതിൽ മൂന്ന് എം.എം ക്യൂബ് ചെളിയാണെന്നാണ് ജലസേചനവകുപ്പിന്റെ കണക്ക്. ഇത് നീക്കിയാൽ 300 കോടി ലിറ്റർ വെള്ളം അധികം സംഭരിക്കാനാകും. ശേഷിക്കാറുള്ളത് കരുതൽ ശേഖരം മാത്രം.

.