kulam
നല്ലേപ്പിള്ളി കൗണ്ടൻകളത്തെ ഏഴര ഏക്കർ വിസ്തൃതിയുള്ള കുളം കാടുകയറി ഉപയോഗശൂന്യമായ നിലയിൽ.

ചിറ്റൂർ: ജില്ലയുടെ കിഴക്കൻ മേഖലയിലെ ജലക്ഷാമത്തിന് വലിയ പരിഹാരമാകുന്ന നിരവധി കുളങ്ങൾ ഉപയോഗശൂന്യമായി കാട് കയറി കിടക്കുന്നു. ഇത്തരം സ്വകാര്യ,​ പൊതു കുളങ്ങളെല്ലാം ആഴംകൂട്ടി നവീകരിച്ച് ജലസംഭരണശേഷി വർദ്ധിപ്പിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കിഴക്കൻ മേഖലയിൽ മാത്രം നൂറുകണക്കിന് കുളങ്ങൾ ചെളിയും പായലും നീക്കം ചെയ്യാതെ ഉപയാഗശൂന്യമായി കിടക്കുന്നുണ്ട്. ഡാമുകളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി വർദ്ധിച്ചതിനൊപ്പം കാലാവസ്ഥ വ്യതിയാനവും മഴ കുറവും കൂടിയായതോടെ ഈ മേഖലയിൽ വരൾച്ചാക്കെടുതി രൂക്ഷമാണ്. ഓരോ പ്രദേശത്തെയും കുളങ്ങളിൽ വെള്ളം സംഭരിച്ച് നിർത്തിയാൽ ജലക്ഷാമത്തിന് വലിയൊരു പരിഹാരമാകും. മൂന്നു വർഷം മുമ്പ് ചിറ്റൂർ എം.എൽ.എ കൂടിയായ മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടെ ശ്രമഫലമായി ഏതാനും കുളങ്ങൾ നവീകരിച്ചിരുന്നെങ്കിലും ഇനിയും നൂറുകണക്കിന് കുളങ്ങൾ നവീകരിക്കേണ്ടതായുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകളും വിവിധ ഏജൻസികളും ഇതിനുള്ള പദ്ധതിക്ക് രൂപം കൊടുക്കണമെന്നതാണ് കർഷകരുടെ ആവശ്യം.

കാട് പിടിച്ച് ഏഴരയേക്കർ കുളം

നല്ലേപ്പിള്ളി പഞ്ചായത്തിലെ കൗണ്ടൻ കളം പ്രദേശത്ത് ഏഴര ഏക്കറോളം വിസ്തീർണ്ണമുള്ള കുളം കാടുകയറി മണ്ണും ചെളിയും മൂടി ജലം സംഭരിക്കാൻ കഴിയാതെ വർഷങ്ങളായി പാഴായി കിടക്കുന്നു. ഈ ഒരു കുളം മാത്രം ആഴപ്പെടുത്തി ജലം സംഭരിക്കാൻ കഴിഞ്ഞാൽ ആയിരക്കണക്കിന് ഏക്കർ കൃഷിക്ക് ജലസേചനം നടത്താൻ കഴിയും. കൗണ്ടൻ കളം, കറുത്തേടത്തു കളം, താമരച്ചിറ, വടക്കന്തറ, വാപ്പാടം, വടക്കം പുറം, എലപ്പുള്ളി എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലേക്കും വെള്ളം എത്തിക്കാൻ കഴിയും. ഈ കുളം പതിറ്റാണ്ടുകൾക്ക് മുമ്പ് തമിഴ്നാട്ടിലെ ഊത്തുകുഴി ജമീന്ദാരുടെ ഉടമസ്ഥതയിൽ ആയിരുന്നു. പിന്നീട് 16 ഓളം പാട്ടക്കൃഷിക്കാരുടെ കൈവശമായി. കർഷക കുടുംബങ്ങൾ ഭാഗപത്രം കഴിഞ്ഞതോടെ നാമമാത്ര കർഷകരായി. പിന്നീടങ്ങോട്ട് ആരും കുളത്തിന്റെ സംരക്ഷണത്തിൽ താല്പര്യം കാണിക്കാതാവുകയായിരുന്നു.