fishing
fishing

ആലത്തൂർ: സാമ്പത്തിക പ്രതിസന്ധിയുടെ വലയിൽ കുരുങ്ങി സംസ്ഥാനത്തെ ജനകീയ മത്സ്യക്കൃഷി പദ്ധതി. ഫിഷറീസ് വകുപ്പ് 67 കോടി രൂപയുടെ പദ്ധതി രൂപരേഖ സമർപ്പിച്ചെങ്കിലും ധനവകുപ്പിന്റെ അനുമതി ലഭ്യമായിട്ടില്ല. തുക വെട്ടിക്കുറച്ച് പുതിയ രൂപരേഖ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. 47 കോടിയാക്കി പുതുക്കി നൽകിയെങ്കിലും ധനവകുപ്പ് നാളിതുവരെയായും തീരുമാനമെടുത്തിട്ടില്ല. 26 തരം മത്സ്യക്കൃഷി പദ്ധതികളാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നടപ്പാക്കിയത്. ആറായിരത്തോളം ഉൾനാടൻ ജലാശങ്ങളിലും പടുതകുളങ്ങളിലുമായി 5,000 പേരാണ് ജനകീയ മത്സ്യക്കൃഷി പദ്ധതിയിലൂടെ ഉപജീവനം നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം താളംതെറ്റിയതോടെ ഈ കുടുംബങ്ങൾ ആശങ്കയിലായിരിക്കുകയാണ്. ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ട് ജനകീയ മത്സ്യക്കൃഷിക്ക് ആസൂത്രണ ബോർഡിന്റെ അനുമതിയും ധനവകുപ്പിൽനിന്ന് പണവും ലഭ്യമാക്കണമെന്നാണ് ആവശ്യം.

 വേതനവുമില്ല, തൊഴിൽദിനവും വെട്ടിക്കുറച്ചു

ഫിഷറീസ് വകുപ്പിനുകീഴിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ ദിവസ വേതനാടിസ്ഥാനത്തിലാണ് അക്വാകൾച്ചർ പ്രൊമോട്ടർമാർ ജോലിചെയ്യുന്നത്. മത്സ്യക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വിതരണവും പദ്ധതി നടത്തിപ്പുമാണ് ഇവരുടെ ചുമതല. ഇവർക്ക് വേതനം നൽകാൻ 12.68 കോടി രൂപ വേണ്ടയിടത്ത് 7.11 കോടി രൂപ മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്.

ഇതോടെ ഫിഷറീസ് വകുപ്പ് തൊഴിൽദിനം വെട്ടിച്ചുരുക്കി. പ്രതിഫലം മുടങ്ങുകയും ചെയ്തു. 2023 മാർച്ചുവരെ പ്രതിമാസം 25 തൊഴിൽ ദിനങ്ങളുണ്ടായിരുന്നു. പിന്നീടിത് 21 ദിവസമാക്കി. ഇപ്പോൾ 18 ദിവസമാക്കി. അഞ്ചുമാസത്തെ ശമ്പള കുടിശ്ശിക നിലനിൽക്കെ ഓണത്തിന് 54 ദിവസത്തെ വേതനം മാത്രമാണ് അനുവദിച്ചത്. സെപ്‌റ്റംബർ 25 മുതൽ 540 പ്രൊമോട്ടർമാരെ പിരിച്ചുവിട്ടെങ്കിലും ഫിഷറീസ് മന്ത്രിയുടെ ഓഫീസുമായി യൂണിയൻ ബന്ധപ്പെട്ടതിനെത്തുടർന്ന് തീരുമാനം താത്‌കാലികമായി മരവിപ്പിച്ചു.‌