food

പാലക്കാട്: സംസ്ഥാനത്ത് പാമോയിലിനും പാചകവാതകത്തിനും വില ഉയർന്നതോടെ പിടിച്ചുനിൽക്കാൻ വിഭവങ്ങൾക്ക് വിലവർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് ഭക്ഷണശാലകൾ. കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് പാമോയിലിന് വില കുതിച്ചുയരുകയാണ്. സെപ്തംബറിൽ ഒരു ലിറ്ററിന് 90 -95 രൂപയുണ്ടായിരുന്ന പാമോയിലിന് ഇപ്പോൾ വില 140 രൂപയാണ്. പാമോയിലിനു പുറമേ സൺഫ്ളവർ ഓയിലിനും വില വർദ്ധിച്ചിട്ടുണ്ട്, 145 -160 വരെയാണ് വില. നാളികേരത്തിനും വില കുതിച്ചുയർന്നതോടെ പൊതുവിപണിയിൽ വെളിച്ചെണ്ണക്കും വില ഉയർന്നിട്ടുണ്ട്. ഇതിനുപുറമേ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനും പൊള്ളുംവിലയാണ്. ചെറുകിട പലഹാര നിർമ്മാണ ശാലകളും ഹോട്ടലുകളും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഇതിനെല്ലാം പുറമേ ദിവസങ്ങളായി സവോളക്കും വില കുതിച്ചുയർന്നത് ഹോട്ടലുകളെ പ്രതിസന്ധിയിലാക്കുകയാണ്. കഴിഞ്ഞയാഴ്ച വരെ 45 രൂപയുണ്ടായിരുന്ന സവോളക്കിപ്പോൾ 65 രൂപയിലെത്തിയിരിക്കുകയാണ്. വിലവർദ്ധന ചെറുകിട ഹോട്ടലുകളെ മാത്രമല്ല വൻകിട ഹോട്ടലുകളെയും ബാധിച്ചിരിക്കുകയാണ്. നഗരത്തിലെ ബിരിയാണി മെസുകളിൽ നവംബർ 14 മുതൽ പത്തുരൂപ വർദ്ധിപ്പിച്ചിട്ടുണ്ട്.

വൻകിട ഹോട്ടലുകൾ വിലവർദ്ധിപ്പിക്കമ്പോൾ വ്യാപാരത്തെ കാര്യമായി ബാധിക്കില്ലെങ്കിലും ചെറുകിട ഹോട്ടലുകളും ഭക്ഷണശാലകളും വില വർദ്ധിപ്പിച്ചാൽ വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കയിലാണ്. സവോളക്ക് വിലയുയർന്നാൽ നോൺവെജ് വിഭവങ്ങൾക്കും വിലവർദ്ധിപ്പിക്കാറുണ്ട്. പൊതു വിപണിയിൽ തൊട്ടതിനെല്ലാം തീവിലയാകുമ്പോൾ വീട്ടകങ്ങൾ മാത്രമല്ല ഭക്ഷണശാലകളും പ്രതിസന്ധിയിലാവുമ്പോൾ വിലവർദ്ധനക്ക് ഒരുങ്ങുകയാണ് വ്യാപാരികളും.

നാലു മാസത്തിനിടെ വർദ്ധിച്ചത് 160 രൂപ

വാണിജ്യാവശ്യത്തിനുള്ള 19 കിലോ സിലിൻഡറിന് 61.50 രൂപയാണ് ഈ മാസം വർദ്ധിച്ചത്. ഇതോടെ ഒക്ടോബറിൽ 1749 രൂപയായിരുന്ന സിലിൻഡറിന് ഇപ്പോൾ 1810 രൂപയാണെങ്കിലും ഡെലിവറി ചാർജ് അടക്കം ഏകദേശം 2000 രൂപയോളം വരുമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 160 രൂപയാണ് വർദ്ധിച്ചത്.

എണ്ണ പലഹാരങ്ങൾക്ക് 12 രൂപയാക്കും

ഹോട്ടലുകൾക്ക് പുറമെ വഴിയോരങ്ങളിലുള്ള ചായക്കടകളും പലഹാര വണ്ടികളും ബസ് സ്റ്റാൻഡുകളിലെ കാന്റീനുകളുമെല്ലാം പലഹാരങ്ങൾക്കും വില വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ മിക്കയിടത്തും എണ്ണ പലഹാരങ്ങൾക്കും പത്തു രൂപയാണ് വാങ്ങുന്നതെങ്കിലും ഇത് 12 രൂപയാക്കി വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് വ്യാപാരികൾ.