 
കൊല്ലങ്കോട്: കേരകർഷകർക്ക് ആശ്വാസകരവും ആദയവും ലഭിക്കുന്ന നീര ഉത്പ്പാദനം പാതിവഴിയിലായതോടെ കേരകർഷകർ പ്രതിസന്ധിയിൽ. പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസർ എന്ന പേരിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പ്രവർത്തനവും അവതാളത്തിലായി. കൊല്ലങ്കോട്, മുതലമട, ചിറ്റൂർ പ്രദേശങ്ങളിൽ നിന്ന് ആധുനിക സാങ്കേതിക വിദ്യയോടെ തെങ്ങിൽ പൂക്കുലയിൽ നിന്ന് ചെത്തിയെടുക്കുന്ന ഇളം നീര് ഉപയോഗിച്ചാണ് ഇളം മധുരമുള്ള ആൽക്കഹോൾ ഇല്ലാത്ത പോഷകസമൃദ്ധമായ നീര ഉണ്ടാക്കി എടുക്കുന്നത്. ആദ്യഘട്ടത്തിൽ താല്പര്യക്കുറവ് കാണിച്ച കേരകർഷകർ പിന്നീട് സംഘങ്ങളായി രംഗത്തുവന്നു. ഇതോടെ തെങ്ങ് കയറ്റ പരിശീലനവും നീര ഉത്പ്പാദക യൂണിറ്റും വിതരണ യൂണിറ്റുമെല്ലാം രംഗപ്രവേശനം ചെയ്തു. കേരകർഷകർ സംഘം ഓഹരികളെടുത്ത് പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയുടെ ഭാഗമായി.
എന്നാൽ കമ്പനിയുടെ അശാസ്ത്രീയമായ പ്രവർത്തനം കർഷകരെ നിരാശരാക്കി. ഒരു തെങ്ങിൽ നിന്ന് പ്രതിമാസം 100 ലിറ്റർ എന്ന കണക്കിൽ 3000 രൂപ കേരകർഷകർക്ക് ലഭിക്കുമെന്നായിരുന്നു കമ്പനി നൽകിയ വാഗ്ദാനം. പത്ത് തെങ്ങ് ഒരു യൂണിറ്റ് എന്ന കണക്കിൽ മാസം 30000 രൂപ.13 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നുമായി 1000 പേർ ഇതിൽ അംഗങ്ങളായി. ഇതിനിടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്ന് നിരവധി ഫണ്ടുകളും സബ്സിഡികളും കമ്പനിക്ക് ലഭിച്ചതായും പറയുന്നു. എന്നാൽ വിവിധ കേന്ദ്രങ്ങളിൽ നീര ജ്യൂസ്, നീര ഉത്പ്പാദക വസ്തുക്കൾ, വെളിച്ചെണ്ണ എന്നിവയുടെ ഔട്ട്‌ലെറ്റുകൾ അടച്ചു പൂട്ടിയ സ്ഥിതിയാണ്. കേര കർഷകർ മുടക്കിയ പണവും ഇല്ലാതായ അവസ്ഥയിലാണ്. പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി പച്ചത്തേങ്ങയിൽ നിന്ന് വെർജിൻ കോക്കനട്ട് ഓയിൽ, കൊപ്രയിൽ നിന്ന് ശുദ്ധമായ വെളിച്ചെണ്ണ എന്നീ പദ്ധതിക്ക് തുടക്കമിട്ട് സർക്കാരിൽ നിന്ന് സബ്സിഡി ഇനത്തിൽ വൻ തുക കൈപ്പറ്റിയെങ്കിലും പദ്ധതി വിജയം കാണുവാൻ കഴിഞ്ഞില്ല. കർഷകരിൽ നിന്ന് പിരിച്ചെടുത്ത പണവും തീർന്നകോടെ സ്ഥാപനത്തിന്റെ പ്രവർത്തനവും നിലച്ചു.