
പാലക്കാട്: ശ്രീദീപിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ വിതുമ്പുകയാണ് ബന്ധുക്കളും അദ്ധ്യാപകരും സുഹൃത്തുക്കളും നാട്ടുകാരും. ഇന്നലെ രാത്രി മരണവാർത്ത അറിഞ്ഞതോടെ ശേഖരിപുരം കാവ് തെരുവ് ശ്രീവിഹാറിലേക്ക് നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒഴുക്കാണ്. അച്ഛൻ റിട്ട. കോളേജ് അദ്ധ്യാപകൻ കെ.ടി.ശ്രീവത്സനെയും സീനിയർ അഭിഭാഷകയായ അമ്മ പി.ബിന്ദുവിനെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ വിതുമ്പി.
ഡോക്ടറാകണമെന്നത് ശ്രീദീപിന്റെ നിശ്ചയദാർഢ്യമായിരുന്നു. എൻട്രൻസ് പരിശീലനത്തിനായി പാലാ ബ്രില്യൻസിൽ ചേർന്നു. ആദ്യ അവസരത്തിൽ എൻജിനിയറിംഗിന് പ്രവേശനം ലഭിച്ചെങ്കിലും വേണ്ടെന്നുവച്ചു. രണ്ടാമത്തെ അവസരത്തിൽ മെരിറ്റിൽത്തന്നെ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചു. അച്ഛനെപ്പോലെ സൗമ്യനാണ്.
ആറാം ക്ലാസുമുതൽ ഒളിമ്പിക് അത്‌ലറ്റിക് അക്കാഡമിയിലെ താരമായിരുന്നു ശ്രീദീപ് വത്സൻ. 2017- 18ൽ മഹാരാഷ്ട്രയിൽ നടന്ന ദേശീയ സ്കൂൾ മീറ്റിൽ സബ് ജൂനിയർ വിഭാഗത്തിൽ നൂറ് മീറ്റർ ഹർഡിൽസിൽ കേരളത്തെ പ്രതിനിധീകരിച്ചു. മികച്ച ഷൂട്ടിംഗ് താരവുമായിരുന്നു. ഇതിനോടകം നിരവധി നേട്ടങ്ങൾ കൈവരിച്ചു. കായികമേഖലയ്ക്ക് വലിയ ശൂന്യത അവശേഷിപ്പിച്ചാണ് ശ്രീദീപ് മടങ്ങുന്നത്.