
കൊല്ലങ്കോട്: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കൊല്ലങ്കോട് ബസ് സ്റ്റാൻഡിൽ ഇന്ന് മുതൽ ബസുകൾ കയറി തുടങ്ങും. കൃത്യമായ ഗതാഗത പരിഷ്‌കാരം ഇല്ലാത്തതും അലസമായി വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും കയറ്റിറക്ക് ജോലികൾക്ക് സമയ നിയന്ത്രണം ഏർപ്പടുത്തതും മറ്റു വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത സ്ഥിതിയെ തുടർന്ന് ഇന്നു മുതൽ ഗതാഗത പരിഷ്‌കരണം ഏർപ്പെടുത്തുന്നത്. കൊവിഡിന് ശേഷം നാളിതുവരെ കൊല്ലങ്കോട് ബസ് സ്റ്റാൻഡിൽ ബസുകൾ കയറാത്തതിനെ തുടർന്ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് രണ്ടു വർഷമായി ചേരാതെ മുടക്കിയ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി യോഗം ഇന്നലെ കെ.ബാബു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്തത്.
പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ, വൈസ് പ്രസിഡന്റ് സി.ഗിരിജ, ചിറ്റൂർ ജോയന്റ് ആർ.ടി.ഒ പി.കെ.പത്മകുമാർ, എസ്.ഐ.മോഹനദാസ്, വിദ്യാധരൻ, പ്രൈവറ്റ് ബസ് ഓപ്പറേറ്റ്സ് പ്രവീൺ, ബസ് ഓണേഴ്സ് കെ.ഗോപിനാഥ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ വാർത്താ പ്രതിനിധികളായ കെ.വി.സുബ്രഹ്മണ്യൻ, എ.സാദിഖ് പഞ്ചായത്ത് സെക്രട്ടറി പ്രേമലത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇന്നു മുതൽ കൊല്ലങ്കോട് ബസ് സ്റ്റാൻഡിൽ ബസുകൾ കയറി തുടങ്ങി സർവീസ് ആരംഭിക്കുന്നതണെന്ന് യോഗത്തിൽ തീരുമാനമായി.
ഫാസ്റ്റ് പാസഞ്ചർ ഒഴികെയുള്ള കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ കൊല്ലങ്കോട് സ്റ്റാൻഡിൽ കയറി സർവീസ് തുടങ്ങാൻ മന്ത്രി ഗണേഷ് കുമാറുമായി സംസാരിക്കുമെന്നും യോഗത്തിൽ കെ.ബാബു എം.എൽ.എ പറഞ്ഞു.
പരിഷ്‌കരണം ഇങ്ങനെ
തൃശൂർ-നെന്മാറ ഭാഗത്തു നിന്നു വരുന്ന ബസുകൾ സ്റ്റാൻഡിൽ കയറിയ ശേഷം ബ്ലോക്ക് ഓഫീസ് റോഡ് വഴി കാമ്പ്രത്ത് ചള്ള വഴി ഗോവിന്ദാപുരത്തേക്ക് പോകാവുന്നതാണ്. ഗോവിന്ദാപുരത്തു നിന്നും നെന്മാറ-തൃശൂർ പോകേണ്ട ബസ് കൊല്ലങ്കോട് സ്റ്റാൻഡിൽ കയറിയ ശേഷം യാത്ര പുറപ്പെടുന്നതും പാലക്കാട്-കൊല്ലങ്കോട് സർവീസിൽ ഏറെ നേരം കൊല്ലങ്കോട്-പാലക്കാട് പാതയിൽ നിർത്തിയിടാതെ ബ്ലോക്ക് ഓഫീസ് വഴി വന്ന ശേഷം കൊല്ലങ്കോട്-പാലക്കാട് റോഡിൽ യാത്രക്കാരെ കയറ്റിയിറക്കി പാർക്ക് ചെയ്യാതെ സ്റ്റാൻഡിൽ എത്തി പാർക്ക് ചെയ്യേണ്ടതാണ്. ചിറ്റൂർ, കൊടുവായൂർ, പല്ലശ്ശന, വണ്ടിത്താവളം ഭാഗത്തുനിന്നും വരുന്ന ബസുകൾ സമാന രീതിയിൽ സർവീസ് തുടരേണ്ടതാണ്.