
കൃഷിചെയ്ത് കുരുക്കിലായ അവസ്ഥയിലാണ് സംസ്ഥാനത്തെ നെൽകർഷകർ. കൃഷിമാത്രം ഉപജീവനമാർഗമായി സ്വീകരിച്ച കർഷകർ സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില എപ്പോൾ കിട്ടും എന്നറിയാതെ വിഷമിക്കുകയാണ്. മക്കളുടെ പഠനം, വിവാഹം, ചികിത്സ തുടങ്ങിയവയ്ക്കെല്ലാം കടം വാങ്ങേണ്ട ഗതികേടിലാണ് കർഷകർ.
ഇതുപോലൊരു അവസ്ഥ മുൻകാലത്തെങ്ങും ഉണ്ടായിട്ടില്ലെന്ന് പാലക്കാട്ടെ കർഷകർ പറയുന്നു. സംസ്ഥാനത്ത് ഒന്നാംവിളയിൽ സംഭരിച്ച നെല്ലിന്റെ തുക വിതരണം ഉടനെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ആശങ്കയിലാണ് കർഷകർ. തുക വിതരണത്തിന് സപ്ലൈകോ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ നവംബർ 15 വരെ പി.ആർ.എസ് അംഗീകരിച്ച കൃഷിക്കാർക്ക് മാത്രമേ തുക അക്കൗണ്ടിൽ എത്തുകയുള്ളൂ. ജില്ലയിൽ ഒന്നാംവിള നെല്ല് സംഭരിച്ചതിന്റെ 32,311 പി.ആർ.എസുകളാണ് ഇതുവരെ നൽകിയത്. ഇതിൽ നവംബർ 15 വരെ സ്ഥിരീകരിച്ചത് 2,000 പി.ആർ.എസുകൾ മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത്രയും കർഷകർക്ക് ആദ്യഘട്ടത്തിൽ തുക ലഭിക്കൂ. അടുത്തഘട്ടത്തിൽ നവംബർ 30വരെയുള്ളവയ്ക്ക് വില അനുവദിക്കും. ജില്ലയിൽ ഇതുവരെ 7,000 പി.ആർ.എസുകളേ സ്ഥിരീകരിച്ചിട്ടുള്ളൂ. രണ്ട് പാഡി മാർക്കറ്റിംഗ് ഓഫീസർമാർ (പി.എം.ഒ) മാത്രമാണ് പാലക്കാട്ടുള്ളത്. പി.എം.ഒമാർക്കാണ് സ്ഥിരീകരണച്ചുമതല.
ഫീൽഡ്, മിൽ പരിശോധന, ഓഫീസ് ചുമതല തുടങ്ങിയവ മൂലമുള്ള ജോലിഭാരമാണ് പി.ആർ.എസ് സ്ഥിരീകരണം മന്ദഗതിയിലാകാൻ കാരണം.
175 കോടി ലഭ്യമാക്കണമെന്ന്
നെല്ലെടുപ്പിൽ കേന്ദ്രത്തിൽ നിന്നു ലഭിച്ച 73 കോടി രൂപ ഉപയോഗിച്ചാണ് ആദ്യഘട്ട തുക വിതരണം. നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കേരളം 500 കോടി രൂപയുടെ കണക്കാണ് കേന്ദ്രത്തിന് സമർപ്പിച്ചിരുന്നതെങ്കിലും നിലവിൽ 73 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്രം ഉന്നയിക്കുന്ന കാര്യങ്ങൾക്കു വിശദീകരണം നൽകുന്നതോടെ ബാക്കി തുക കൂടി അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. അതേസമയം കേരള സർക്കാർ നെല്ലെടുപ്പിന് അനുവദിച്ച 175 കോടി രൂപ ഇനിയും വില വിതരണത്തിനു ലഭ്യമായിട്ടില്ല. ഇതും താമസിയാതെ ലഭിക്കുമെന്നാണു പ്രതീക്ഷ.
4 വർഷത്തിൽ പ്രോത്സാഹന
വിഹിതം കുറഞ്ഞത് 3.40 രൂപ
കേന്ദ്രസർക്കാർ 2020 മുതൽ നെല്ലിന്റെ കുറഞ്ഞ താങ്ങുവിലയിൽ (എം.എസ്.പി.) 3.40 രൂപയുടെ വർദ്ധന വരുത്തിയപ്പോൾ, പ്രോത്സാഹന വിഹിതത്തിൽ (എസ്.ഐ.ബി.) അത്രയും തുക വെട്ടിക്കുറയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്. സംസ്ഥാനം ഏറ്റവും ഉയർന്ന പ്രോത്സാഹനവിഹിതം നൽകിയത് 2020ലും 2021ലുമാണ്. അന്ന് കിലോഗ്രാമിന് 8.60 രൂപ നൽകി. അടുത്തവർഷം കേന്ദ്ര താങ്ങുവില 20.40 രൂപയാക്കിയപ്പോൾ, 7.80 രൂപയായി സംസ്ഥാനവിഹിതം കുറച്ചു. 2023-ൽ നെല്ലിന്റെ അടിസ്ഥാന താങ്ങുവില കേന്ദ്രസർക്കാർ കിലോഗ്രാമിന് 1.43 രൂപ കൂട്ടി 21.83 ആക്കി. ഈ സമയം സംസ്ഥാന സർക്കാർ പ്രോത്സാഹന വിഹിതത്തിൽ അത്രയും തുക കുറവുചെയ്ത്, 6.37 രൂപയായി നിശ്ചയിച്ചു. ഈ വർഷം കേന്ദ്രം 23 രൂപയാക്കിയപ്പോൾ സംസ്ഥാനത്ത് സംഭരണവില ഉയർത്താതെ പ്രോത്സാഹനവിഹിതം 5.20 രൂപയായി കുറച്ചു. 2022-ലെ രണ്ടാംവിളക്കാലംമുതൽ സംസ്ഥാനത്ത് സംഭരണവില വർധനയില്ലാതെ 28.20 രൂപയായി തുടരുന്നു. പുറമേ, 12 പൈസ കയറ്റുകൂലിയായി നൽകുന്നുണ്ട്.
ഫാക്ടംഫോസിന് ഈവർഷം കിലോഗ്രാമിന് 1.50 രൂപ കൂട്ടി (ചാക്കിന് 75 രൂപ). നെല്ലിന്റെ താങ്ങുവിലയിൽ കേന്ദ്രം വരുത്തിയ വർധന കിലോഗ്രാമിന് 1.17 രൂപമാത്രം. ഇങ്ങനെപോയാൽ എങ്ങനെ രക്ഷപ്പെടും. തൊഴിലാളികളുടെ കൂലി സ്ത്രീകൾക്ക് 450 രൂപവരെയും പുരുഷന്മാർക്ക് 800 രൂപവരെയുമായി. കൊയ്ത്തുയന്ത്രവാടക മണിക്കൂറിന് 100 രൂപ കൂട്ടി. ട്രാക്ടർവാടക മിനിമം 500 ആയി. നടീലിനെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളും ഏക്കറിന് നടീൽക്കൂലി 500 രൂപ കൂട്ടി 5,000 ആക്കി. അഞ്ചേക്കർ നെൽക്കൃഷിയുള്ള ‘ഭൂവുടമയുടെ’ ശശാശരി ദിവസവരുമാനം 350 രൂപയിൽതാഴെമാത്രം.
ഒന്നാംവിള നഷ്ടക്കച്ചവടമോ?
ഇപ്പോൾ കൊയ്ത്ത് അവസാനഘട്ടത്തിലെത്തിയ ഒന്നാംവിള മൊത്തത്തിൽ കർഷകന് നഷ്ടക്കച്ചവടമായിരുന്നു. ഏക്കറിന് ശരാശരി വിളവ് 1,750 കിലോഗ്രാമായിരുന്നു. ഇതിന് സംഭരണവിലയായി (കയറ്റുകൂലി ഉൾപ്പെടെ) 49,560 രൂപ, ഏക്കറിന് ഉഴവുകൂലി 6,000 രൂപ, ഉത്പാദന ബോണസ് 400 രൂപ, സുസ്ഥിര നെൽക്കൃഷി പ്രോത്സാഹനത്തുക 2,200 രൂപ എന്നിവയെല്ലാം ചേർത്ത് 58,160 രൂപയാണ് കിട്ടുക. രണ്ടാംവിള കൃഷിപ്പണികൾ തുടങ്ങിയിട്ടും നെല്ലുവിലയോ മറ്റാനുകൂല്യങ്ങളോ കൈയിൽ കിട്ടിയിട്ടില്ല. നെല്ലുവില ബാങ്ക് വായ്പയായി കിട്ടാൻ ഇനിയും കാത്തിരിക്കണം. ഉത്പന്നത്തിന്റെ വിലയ്ക്കുപകരം വായ്പ നൽകുന്ന ഈ സംവിധാനം കേരളത്തിൽ മാത്രമാണുള്ളത്. മറ്റാനുകൂല്യങ്ങൾ ലഭിക്കാനും ഏറെ കാത്തിരിക്കണം. ചിലപ്പോൾ തുക വെട്ടിക്കുറയ്ക്കും.
വരമ്പുപണി, ഉഴവുകൂലി, കാലിവളം, ചുണ്ണാമ്പ്, വിത്ത്, വിത-നടീൽ കൂലി, കീടനാശിനി, രാസ വളം, കളപറിക്കൽ, കൊയ്ക്കുകൂലി, കടത്തുകൂലി, ഉണക്കുകൂലി, നിറക്കൂലി, കയറ്റിറക്കുകൂലി, തൂക്കുകൂലി, വണ്ടിവാടക തുടങ്ങിയ ഇനത്തിൽ 50,000 രൂപ ചെലവാകും. 8,160 രൂപയാണ് ബാക്കി കിട്ടുക. രണ്ടാംവിളയ്ക്ക് കൃഷിച്ചെലവ് കുറയുകയും ഉത്പാദനം കൂടുകയും ചെയ്യുമെന്നതിനാൽ 15,000 രൂപവരെ ബാക്കിയുണ്ടാകും.
തരംമാറ്റത്തിന്റെ
1510 കോടി കിട്ടുമോ
ഭൂമി തരംമാറ്റം നടത്തിയതിന്റെ ഫീസായി സംസ്ഥാന സർക്കാരിന് ലഭിച്ച 1,510 കോടി രൂപ പൂർണമായും കാർഷികാഭിവൃദ്ധി ഫണ്ടിലേക്ക് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് കർഷകർക്ക് പ്രതീക്ഷയാണ്. തുകയുടെ 25 ശതമാനം നാലുമാസത്തിനകവും ബാക്കി ഒരുവർഷത്തിനകം മൂന്ന് ഗഡുക്കളായും നൽകണമെന്നായിരുന്നു വിധി. തുക എങ്ങനെ ചെലഴിക്കണമെന്ന് രണ്ടുമാസത്തിനകം തീരുമാനിച്ച് റവന്യൂവകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
എന്നാൽ, കോടതിവിധി മറികടക്കാനാണോ പണം കൃഷിവകുപ്പിന് കൈമാറാനാണോ ആലോചന നടക്കുന്നതെന്ന് വ്യക്തമല്ല. നിയമപ്രകാരം തുക കൃഷിവകുപ്പിനുതന്നെ കിട്ടേണ്ടതാണ്. ഇതുസംബന്ധിച്ച് കൃഷി വകുപ്പിലോ മറ്റ് വകുപ്പുകളുമായോ ആലോചനയൊന്നും ഇതുവരെ നടത്തിയിട്ടില്ല. ഭക്ഷ്യസുരക്ഷയ്ക്ക് നെൽക്കൃഷിയും കർഷകരും നിലനിൽക്കണമെന്ന ലക്ഷ്യമാണ് കേന്ദ്രം താങ്ങുവിലയും സംസ്ഥാനം പ്രോത്സാഹന വിഹിതവും ഏർപ്പെടുത്തിയതിന്റെ ഉദ്ദേശ്യം. സംസ്ഥാനത്ത് നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നെൽക്കൃഷി ചെയ്യാൻ കർഷകർ നിർബന്ധിതരുമാണ്. ഉത്പാദിപ്പിക്കുന്ന നെല്ലിന് ന്യായവില യഥാസമയം കിട്ടുന്നില്ലെങ്കിൽ നെൽക്കൃഷി എങ്ങനെ നിലനിൽക്കും. കർഷകന് ഉത്പന്നത്തിന്റെ (നെല്ലിന്റെ) വിലയ്ക്കുപകരം വായ്പ നൽകുന്ന വിചിത്ര സംവിധാനം ലോകത്ത് മറ്റെവിടെയുമുണ്ടാകില്ല.