 
ഷൊർണൂർ: എഴുപത്തഞ്ചു് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഷൊർണൂർ ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിലെ ആർ.എം.എസ്.(റെയിൽവെ മെയിൽ സർവീസ്) നിറുത്തലാക്കാനുള്ള തപാൽ വകുപ്പിന്റെ തീരുമാനം നടപ്പിലാകുന്നു. ഇതിന്റെ മുന്നോടിയായി ഇവിടുത്തെ ജീവനക്കാരോട് സ്ഥലമാറ്റം ആവശ്യമുള്ള സ്ഥലത്തേക്ക് എഴുതിക്കൊടുക്കാൻ നിർദ്ദേശം പുറപ്പെടുവിച്ചു. ഷൊർണൂർ ആർ.എം.എസ് നിറുത്തലാക്കിയാൽ സമീപത്തെ 56 പോസ്റ്റ് ഓഫീസിലേക്കുള്ള കത്തുകളും സ്പീഡ് പോസ്റ്റ്, റജിസ്റ്റേർഡ് തപാൽ ഉരുപ്പടികളും ജനങ്ങൾക്ക് ലഭിക്കാൻ ഏറെ വൈകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സമരം തുടരുമെന്ന് ജീവനക്കാർ
തപാൽ ഉരുപ്പടികൾ ജനങ്ങൾക്ക് പെട്ടെന്ന് ലഭിക്കുന്നതിനായി റെയിൽവെ സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തി ഏർപ്പെടുത്തിയ സംവിധാനമാണ് ആർ.എം.എസ്. അത് നിറുത്തലാക്കുമ്പോൾ റെയിൽ വഴിയുള്ള തപാൽ സഞ്ചാരം ഒഴിവാകും. പകരം റോഡ് വഴിയുള്ള മോട്ടോർ വാഹനം ഉൾപ്പെടുത്തിയുള്ള മെയിൽ സർവീസാണ് നടപ്പിലാക്കുന്നത്. ഇത് തപാൽ വൈകുന്നത് മൂലമുള്ള ബുദ്ധിമുട്ട് പൊതുജനങ്ങൾക്ക് ഉണ്ടാക്കുമ്പോൾ ദിവസ വേതനക്കാരായ തപാൽ ജീവനക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്ന് തപാൽ സംഘടനകൾ വിശദീകരിക്കുന്നു. ഇതിനെരായ നിവേദനങ്ങളും സമരങ്ങളും അധികൃതർ കണക്കിലെടുത്തിട്ടില്ല. 2024 ഡിസംബർ 31 ന് ഷൊർണൂർ റെയിൽവെ സ്റ്റേഷനിലുള്ള ആർ.എം.എസ് ഓഫീസിന് പുട്ട് വീഴും. അതോടെ റെയിൽവെയുമായുള്ള തപാൽ വകുപ്പിന്റെ കരാറും അവസാനിക്കും. എന്നാലും സമരം തുടരുമെന്ന് ജീവനക്കാരുടെ സംഘടനകൾ പറയുന്നു.