cpm
cpm

ചിറ്റൂർ: കൊഴിഞ്ഞാമ്പാറയിൽ നടക്കുന്ന സി.പി.എം ചിറ്റൂർ ഏരിയ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന് കൊഴിഞ്ഞാമ്പാറയിലെ വിമത പക്ഷം. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം.സതീഷ്, ശാന്തകുമാർ, കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ 3 പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള ആളുകളാണ് ഏരിയ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത്. ഏറെ നാളായി തുടരുന്ന വിഭാഗീയതയുടെ ഭാഗമായാണ് പാർട്ടി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കാതെ മാറിനിന്നത്. ഏരിയ സമ്മേളനം നടത്തുന്നതിനോടനുബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് വിട്ടു നിന്നവർ പറയുന്നു. ഏരിയ കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഉൾപ്പെടെ ഇവരെ പുറത്താക്കി. ഏരിയ സമ്മേളനത്തോട് അനുബന്ധിച്ചു തന്നെ വിമതർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. അത്തരത്തിലൊരു നടപടി ഉണ്ടായാൽ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണത്തെ ബാധിക്കും.18 അംഗങ്ങളുള്ള കൊഴിഞ്ഞാമ്പാറ പഞ്ചായത്തിൽ സി.പി.എമ്മിന് 7 അംഗങ്ങളും സി.പി.ഐക്ക് ഒന്നും ജനതാദളിന് ഒന്നും അംഗങ്ങൾ ആണുള്ളത്. ഇവരുടെ പിന്തുണയോടെയാണ് സി.പി.എം പഞ്ചായത്ത് ഭരിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറിയുടെ ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് കൊഴിഞ്ഞാമ്പാറയിൽ വിമതർ പ്രതിഷേധം ഉയർത്തിയത്. സമാന്തര കൺവെൻഷനുകളും ഓഫീസും തുറന്നു കൊണ്ട് നേതൃത്വത്തെ വെല്ലുവിളിക്കുന്ന സ്ഥിതിയിലേക്ക് വിമത നീക്കം നടന്നിരുന്നു. ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും കാലങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്ന ആളുകളെ അവഗണിക്കുകയും അടുത്തിടെ പാർട്ടിയിലെത്തിയ ആളുകൾക്ക് അനർഹമായി സ്ഥാനങ്ങൾ നൽകുകയും ചെയ്യുന്നു എന്ന ആരോപണമാണ് വിമതർ ഉയർത്തുന്നത്. ഇതിന് തുടർന്നാണ് കൊഴിഞ്ഞാമ്പാറയിൽ സി.പി.എമ്മിൽ വിഭാഗീയത രൂപപ്പെട്ടത്.