ചിറ്റൂർ: അനർഹർ ക്ഷേമ പെൻഷൻ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിനു പിന്നാലെ ക്ഷേമ പെൻഷൻ അപേക്ഷകർക്ക് സർക്കാരിന്റെ കടുത്ത നിബന്ധനകൾ. ഇതേ തുടർന്ന് പെൻഷന് അർഹതയുള്ളവർ പോലും പദ്ധതിയിൽ നിന്ന് പുറത്താകുന്ന സ്ഥിതിയാണെന്ന് ആക്ഷേപമുയർന്നു. നിലവിൽ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കൂടരുത്, ആയിരം ചതുരശ്ര മീറ്ററിനു മുകളിൽ വീട് ഉണ്ടാവരുത്, സർവ്വീസ് പെൻഷൻ, എംപ്ലോയിസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻ, ക്ഷേമ നിധി പെൻഷൻ എന്നിവ ഉണ്ടാവരുത്, രണ്ടേക്കർ ഭൂമി, നാലു ചക്ര വാഹനം എന്നിവ ഉണ്ടാകരുത് തുടങ്ങിയവയാണ് നിബന്ധന. ആയിരം ചതുരശ്ര മീറ്ററിൽ കൂടുതലാണ് നിലവിൽ സംസ്ഥാനത്തെ ഭൂരിഭാഗം പേരുടേയും വീടുകൾ. കൂടാതെ നിർമ്മാണ തൊഴിലാളി, മോട്ടോർ തൊഴിലാളി, ചെത്ത് തൊഴിലാളി, ടൈലറിംഗ് തൊഴിലാളി തുടങ്ങി വിവിധ ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്ക് വിലക്കേർപ്പെടുത്തി. 2020വരെ ഇരട്ട പെൻഷൻ വാങ്ങിവന്നവർക്ക് ക്ഷേമ പെൻഷൻ വെട്ടിക്കുറച്ചിരുന്നില്ല. ക്ഷേമനിധി പെൻഷൻ വാങ്ങിയിരുന്നവർക്ക് ഇപ്പോൾ ക്ഷേമ പെൻഷൻ 600 രൂപ മാത്രമാണ്. ക്ഷേമനിധിയിൽ അംഗങ്ങളായി കാലാകാലങ്ങളിൽ അടച്ച വിഹിതത്തിൽ നിന്നാണ് പെൻഷൻ നൽകുന്നത്. അതു കൊണ്ടു തന്നെ നിയമപ്രകാരം മുഴുവൻ പെൻഷനും ലഭിക്കാൻ അവർക്ക് അവകാശം ഉണ്ട്. എന്നാൽ നൽകി വന്ന പെൻഷനിൽ നിന്ന് സർക്കാർ ആയിരം രൂപ വെട്ടിക്കുറച്ചു. പിങ്ക് കാർഡുള്ളവർക്കുപോലും ക്ഷേമ പെൻഷൻ കിട്ടാത്ത അവസ്ഥയാണ്. പുതിയതായി ക്ഷേമ പെൻഷൻ അപേക്ഷിക്കുന്നവരിൽ 60 ശതമാനവും വിവിധ ക്ഷേമനിധിയിൽ അംഗങ്ങളാണ്.
ഒരു വാർഡിൽ മുമ്പ് 300 പേർക്കു വരെ ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ 40 ശതമാനം കുറവു വന്നു. നിലവിൽ ക്ഷേമ പെൻഷൻ രണ്ടു ഘട്ടങ്ങളിലായാണ് ലഭിക്കുന്നത്. 1600 രൂപ മുഴുവനും ലഭിച്ചിരുന്ന സ്ഥാനത്ത് 1100 രൂപയാണ് വീട്ടിൽ എത്തിക്കുന്നത്. ബാക്കി 500 രൂപ അവരവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും എന്നാണ് അറിയുന്നത്. വരുമാനപരിധി ഒരു ലക്ഷം എന്നത് രണ്ടു ലക്ഷമാക്കി ഉയർത്തുന്നതുൾപ്പെടെ നിലവിലെ നിബന്ധനകളിൽ മാറ്റം വരുത്തി അർഹരായ എല്ലാവർക്കും പെൻഷൻ പൂർണതോതിൽ ലഭ്യമാക്കാൻ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.