
കഞ്ചിക്കോട്: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ സഞ്ചാരികളുടെ ദാഹമകറ്റി കഞ്ചിക്കോടും മരുതറോഡിലുമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച വാട്ടർ എ.ടി.എമ്മുകൾ. ഒരു ലിറ്റർ വെള്ളം ഒരു രൂപക്കാണ് മെഷീനിൽ നിന്ന് ലഭിക്കുന്നത്. കുപ്പിവെള്ള കമ്പനികൾ ലിറ്ററിന് ഇരുപത് രൂപയാണ് വെള്ളത്തിന് ഈടാക്കുന്നത്. ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ മറ്റ് മാർഗ്ഗമില്ലാത്തത് കൊണ്ട് വൻ വില കൊടുത്ത് കുപ്പിവെള്ളം വാങ്ങാൻ യാത്രക്കാർ നിർബന്ധിതമാകുന്ന സ്ഥിതിയായിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് മലമ്പുഴ ബ്ലോക് പഞ്ചായത്ത് രണ്ട് വാട്ടർ എ.ടി.എമ്മുകൾ ഹൈവേക്ക് സമീപം സ്ഥാപിക്കാൻ തീരുമാനിച്ചത്. ഒരെണ്ണം ബ്ലോക് പഞ്ചായത്ത് ഓഫീസിന് മുമ്പിലും മറ്റൊന്ന് സത്രപ്പടിക്ക് തിരിയുന്ന ജങ്ഷനിലെ വഴിയിടം വിശ്രമകേന്ദ്രത്തോടനുബന്ധിച്ചുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഹൈവേ ക്രോസിംഗ് ഉള്ള സ്ഥലമായതിനാൽ കോയമ്പത്തൂരിലേക്ക് പോകുന്ന വാഹനയാത്രക്കാർക്കും വാട്ടർ എ.ടി.എമ്മിന്റെ സേവനം ലഭ്യമാകും. ജില്ലയിൽ പല ഭാഗത്തും വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ജനകീയമായി മാറിയത് കഞ്ചിക്കോട്ടെയും മരുതറോഡിലെയും വാട്ടർ എ.ടി.എമ്മുകൾ ആണ്. കൃത്യമായി ശുചീകരിച്ച് ശുദ്ധമായ വെള്ളം വിതരണം ചെയ്യുന്നുവെന്നതാണ് എടുത്ത് പറയേണ്ട നേട്ടം. ഒരു രൂപ നാണയം നിക്ഷേപിച്ചാൽ ഒരു ലിറ്റർ വെള്ളവും അഞ്ച് രൂപ നാണയം നിക്ഷേപിച്ചാൽ അഞ്ച് ലിറ്റർ വെള്ളവും വരുന്ന രീതിയിലാണ് മെഷീൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വെള്ളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ബ്ലോക് പഞ്ചായത്ത് അധികൃതർ കൃത്യമായി നിരീക്ഷണം നടത്തുന്നുണ്ട്. കുപ്പിവെളള കമ്പനികളുടെ ഇടപെടൽ മൂലം ജില്ലയിൽ പലയിടത്തും വാട്ടർ എ ടി എമ്മുകൾ നോക്കുകുത്തികളായി എന്ന് പരാതി ഉയരുമ്പോഴാണ് ഒരു ദിവസം പോലും വെള്ളം മുടങ്ങാതെ ഇവിടെ വാട്ടർ എ.ടി.എം പ്രവർത്തിക്കുന്നത്.
ദീർഘദൂര യാത്രക്കാർ കുടിവെള്ളം കിട്ടാതെ വിഷമിക്കുന്നതും ഉയർന്ന വിലയ്ക്ക് കുപ്പിവെള്ളം വാങ്ങുന്നതും നേരിൽ കണ്ട് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ദേശീയ പാതയ്ക്ക് അരികിൽ വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. പദ്ധതി ജനങ്ങൾക്ക് ഉപകാരപ്രദമായി എന്നത് ഏറെ സന്തോഷം നൽകുന്നുണ്ട്. ഇനിയും കൂടുതൽ വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് പുതുശ്ശേരി