cow

സംസ്ഥാനത്ത് പാലുത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ മികച്ചയിനം കന്നുകാലികളെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ കൊണ്ടുവരുന്ന കേരള കന്നുകാലി പ്രജനന ബില്ലിനെ അനുകൂലിച്ചും വിമർശിച്ചും ക്ഷീരകർഷകർ. മികച്ചയിനം വിത്തുകാളകളിൽ നിന്ന് ബീജങ്ങൾ ഉത്പാദിപ്പിക്കും. നിലവിൽ അനധികൃതമായി വിത്തുകാളകളെ വളർത്തുന്നവർക്കെതിരേ നടപടിയുണ്ടാകും. ഇത്തരം ബീജാധാനങ്ങൾക്ക് ഇനി അനുമതിയുണ്ടാകില്ല. കൃത്രിമ ബീജാധാനം നടത്താനും പ്രജനന വ്യവസ്ഥകൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാനും നിലവിലുള്ള പ്രജനന മാർഗങ്ങൾ നിയന്ത്രിക്കാനുമായി കന്നുകാലി പ്രജനന നിയന്ത്രണ അതോറിറ്റി രൂപവത്കരിക്കുമെന്നാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. 1992 മുതൽ സംസ്ഥാനത്ത് കന്നുകാലി പ്രജനന നയം നിലവിലുണ്ടെങ്കിലും പൂർണമായും കർഷകർക്ക് ഗുണപ്പെടുന്ന തലത്തിൽ നടപ്പിലാക്കുന്നതിന് നിയമത്തിന്റെ പിൻബലം ആവശ്യമാണ്. ഇതിനായാണ് 2023ലെ കേരള കന്നുകാലി പ്രജനന ബില്ല് നടപ്പാക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. നിലവിൽ പാലുത്പാദനത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് കേരളം. നമ്പർ വൺ ആകുകയാണ് ക്ഷീര വകുപ്പിന്റെ ലക്ഷ്യം. ബില്ലിൽ പ്രധാനമായും പുതിയ സെമൻ സ്റ്റേഷൻ രൂപീകരണം, പ്രവർത്തനം, രജിസ്‌ട്രേഷൻ എന്നിവയെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെങ്കിലും തങ്ങൾക്ക് ഭാവിയിൽ ബുദ്ധിമുട്ടായേക്കാവുന്ന ചില വെല്ലുവിളികളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കർഷകർ പറയുന്നു.

കേരളത്തിൽ ബീജോത്പാദനം മികച്ച രീതിയിൽ നടക്കുന്നുണ്ടെങ്കിലും വിത്തുകാളകളുടെ തിരഞ്ഞെടുപ്പ് മോശം അവസ്ഥയിലാണ്. ഇപ്പോഴേ തിരഞ്ഞെടുപ്പ് രീതി വിശ്വാസയോഗ്യമല്ല. മറ്റു രീതികൾ സ്വീകരിക്കാൻ മാത്രമുള്ള പശുക്കൾ ബുൾ മദർ ഫാമുകളിൽ ഇല്ലെന്നതും തിരിച്ചടിയാണെന്ന് കർഷകർ പറയുന്നു.

ബുൾമദർ ഫാമുകളിലെ പശുക്കളുടെ പാലുത്പാദനം കേരളത്തിലെ പല ഫാമുകളുടെയും പാലുത്പാദനത്തേക്കാൾ താഴെയാണ്. ഇത്തരം പശുക്കളിൽ ജനിക്കുന്ന വിത്തുകാളകളെ ക്ഷീരകർഷകർക്ക് താത്പര്യമില്ല. അമ്മയുടെ പാലുത്പാദനം നോക്കി മാത്രമുള്ള കാളകളുടെ തിരഞ്ഞെടുപ്പ് മാറ്റണം. ഇറക്കുമതി ചെയ്ത ഭ്രൂണത്തിലൂടെ ജനിച്ചതും ഇറക്കുമതി ചെയ്തതുമായ ഏതാനും ചില കാളകളെ മാത്രമാണ് ക്ഷീരകർഷകർക്ക് താത്പര്യം.

കേരളത്തിലെ നൂറിൽ താഴെ വരുന്ന കാളകളെക്കൊണ്ടു മാത്രം 12 ലക്ഷത്തോളം വരുന്ന പശുക്കളെ ബീജാധാനം നടത്താൻ നിർബന്ധിക്കുന്നത് അശാസ്ത്രീയമാണ്. നല്ല രീതിയിൽ വിത്തുകാള തിരഞ്ഞെടുപ്പു നടത്തി മികച്ച രീതിയിൽ പ്രവർത്തിക്കാതെ മോശപ്പെട്ട കാളകളിൽ നിന്നുള്ള ബീജമാത്രകൾ കേരളത്തിലെ കർഷകരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ല.

പ്രതിസന്ധിയിലാകുമോ

ഫാമുകൾ ?

കേരളത്തിൽ പ്രവർത്തിക്കുന്ന വൻകിട - ഇടത്തരം ഡെയറി ഫാമുകളിൽ പ്രധാനമായും ബീജാധാനത്തിനായി ഉപയോഗിക്കുന്നത് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതോ കേരളത്തിന് പുറത്തുനിന്ന് കൊണ്ടുവന്നതോ ആയ ബീജമാത്രകളാണ്. മികച്ച പാലുത്പാദനമുള്ള പശുക്കളെ സ്വന്തം ഫാമിൽ ഉരുത്തിരിച്ചെടുക്കാൻ സ്വന്തം നിലയ്ക്ക് പ്രവർത്തിക്കുന്ന കർഷകർക്ക് ഭീഷണിയാണ് ബില്ലിലെ ചില വ്യവസ്ഥകൾ. ഇത്തരത്തിൽ സ്വന്തം ഉപയോഗത്തിനായി സ്വന്തം നിലയ്ക്ക് വാങ്ങി സൂക്ഷിക്കുന്ന ബീജമാത്രകൾക്ക് നിയന്ത്രണമോ നിരോധനമോ വന്നാൽ ഫാമുകൾ പ്രതിസന്ധിയിലാകുമെന്നാണ് പ്രധാനം. എന്നാൽ, ഏതൊക്കെ ബീജമാത്രകളാണ് ഉപയോഗിക്കുന്നതെന്നും അവയുടെ കുട്ടികളുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരു രജിസ്‌ട്രേഷൻ രീതി ഏർപ്പെടുത്തിയാൽ ഗുണമാകും. എന്നാൽ, അതൊരിക്കലും സ്വന്തം ഫാമിൽ പാലുത്പാദനമുള്ള പശുക്കളെ വളർത്താൻ താത്പര്യമുള്ള കർഷകന്റെ അല്ലെങ്കിൽ സംരംഭകന്റെ അവകാശങ്ങളെ ഹനിക്കുന്നതാവരുതെന്നും കർഷകർ വ്യക്തമാക്കുന്നു.

കർഷകർക്ക്

കരുത്തേകണം സർക്കാർ

സ്വന്തമായി ബീജമാത്രകൾ സൂക്ഷിക്കുന്നതിന് നിയന്ത്രണം വരുന്നതിനൊപ്പം അതോറിറ്റി അധികാരപ്പെടുത്തിയ ആളുകൾക്ക് മാത്രമേ ഇവ കൈകാര്യം ചെയ്യാനോ കൈമാറാനോ കഴിയൂ എന്നും ബില്ലിൽ പറയുന്നു. ഈ നിയന്ത്രണം മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങൾക്ക് ബാധകമല്ല. സംസ്ഥാനത്ത് എഴുന്നൂറോളം സ്വകാര്യ എ.ഐ ടെക്നീഷ്യന്മാർ ജോലി ചെയ്യുന്നുണ്ട്. ഇത്തരം എ.ഐ ടെക്നീഷ്യന്മാരാണ് എ.ബി.എസ്, എൻ.ഡി.ഡി.ബി പോലുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ബീജമാത്രകൾ കർഷകർക്ക് ലഭ്യമാക്കുന്നതും അത് പശുക്കളിൽ ആധാനം ചെയ്യുന്നതും. മൃഗസംരക്ഷണ വകുപ്പിലെ ലൈവ്‌സ്റ്റോക് ഇൻസ്‌പെക്ടർമാരിൽ നല്ല പങ്കും ചെയ്യാത്ത കാര്യങ്ങളാണ് ഇത്തരം സ്വകാര്യ ടെക്നീഷ്യന്മാർ ചെയ്യുന്നത്. കർഷകർ ആവശ്യപ്പെടുന്ന കാളയുടെ ബീജമാത്ര ആധാനം ചെയ്യാൻ വിസമ്മതിക്കുന്ന സർക്കാർ എൽ.ഐമാരുണ്ട്. പകരം ഏതെങ്കിലും കാളയുടെ ബീജമാണ് കുത്തിവയ്ക്കുക. കുട്ടി വലുതാകും പ്രസവിക്കാൻ ബുദ്ധിമുട്ടും എന്നൊക്കെയുള്ള സ്ഥിരം ന്യായങ്ങളും പറയുന്നു. കർഷകർ ആവശ്യപ്പെടുന്ന കാളയുടെ ബീജം ലഭ്യമാക്കാനായില്ലെങ്കിൽ കന്നുകാലി പ്രജനന പദ്ധതികൊണ്ട് ഗുണം ലഭിക്കില്ലെന്നും വിമർശനമുണ്ട്. സ്വന്തം പശുവിന് ഏതു കാളയുടെ ബീജം കുത്തിവയ്ക്കണമെന്ന് തീരുമാനിക്കാൻ കർഷകന് അവകാശമില്ലേ എന്നാണ് കർഷകരുടെ ചോദ്യം.

പശുസമ്പത്ത് ഉയർത്താനായി കോടികളാണ് സർക്കാർ ഓരോവർഷവും ചെലവാക്കുന്നത്. ഇത്തരം പദ്ധതികളുടെ ഭാഗമായി കേരളത്തിന് പുറത്തുനിന്ന് എത്തിച്ച പശുക്കൾ എത്രയെണ്ണം ജീവനോടെയുണ്ടെന്നും ആദ്യം പരിശോധിക്കണം. പശുക്കൾക്കൊപ്പം കേരളത്തിലേക്ക് എത്തുന്നത് രോഗങ്ങൾ കൂടിയാണെന്ന തിരിച്ചറിവും ഉണ്ടാകണം. തൈലേറിയ, അനാപ്ലാസ്മ പോലുള്ള രക്തപരാദ രോഗങ്ങൾ വ്യാപിച്ചത് അന്യസംസ്ഥാന പശുക്കളിലൂടെയാണ്. പശുക്കൾക്കായി പുറത്തേക്കു പോകാതെ ഇവിടെത്തന്നെ വളർത്തിയെടുക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കാൻ സംസ്ഥാന ക്ഷീര വികസന വകുപ്പ് തയാറാകണം. അതിന് സ്വന്തം നിലയ്ക്ക് പാലുത്പാദനമുള്ള പശുക്കളെ വർത്തിയെടുക്കാൻ ശ്രമിക്കുന്ന കർഷകരെ നിരുത്സാഹപ്പെടുത്താതെ അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സഹായങ്ങളും നൽകി സർക്കാർ കൂടെയുണ്ടാകണം.

സംസ്ഥാനത്തെ ഒരു പശുവിന്റെ ശരാശരി പാലുത്പാദനം 10 ലിറ്റാണെങ്കിൽ പല ഡെയറി ഫാമുകളിലെയും ശരാശരി ഉത്പാദനം 16 ലിറ്ററിനു മുകളിലാണ്. കഴിഞ്ഞകുറച്ച് വർഷങ്ങളായി കേരളത്തിലെ ക്ഷീര സമ്പത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കന്നുകാലി വളർത്തലിൽ നിന്ന് ആദായമില്ലാതായതോടെ പലരും പശുക്കളെ വിറ്റൊഴിവാക്കുകയാണ്. ഉത്പാദനം കുറഞ്ഞ പശുക്കളും രോഗങ്ങളും വർദ്ധിച്ച ഉത്പാദനച്ചെലവുമാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ പാലക്കാട്ടെ ചിറ്റൂർ മേഖലയിൽ ഉൾപ്പെടെ പലരും പശുവളർത്തൽ അവസാനിപ്പിച്ച് മറ്റു വരുമാന സാദ്ധ്യതകൾ തേടുകയാണ്. കേരളത്തിലെ ക്ഷീരമേഖലയുടെ ദയനീയാവസ്ഥ മനസിലാക്കി മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പുകൾ ഫലപ്രദമായ ഇടപെടലുകൾ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.