നാട്ടാന പരിപാലന ചട്ടം ജില്ലാ മോണിട്ടറിങ് കമ്മിറ്റി യോഗം ചേർന്നു
പാലക്കാട്: ജില്ലാ മോണിട്ടറിംഗ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത ഉത്സവങ്ങൾക്ക് പാലക്കാട് ജില്ലയിൽ അനുമതി നൽകുകയില്ല. കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എ.ഡി.എം പി.സുരേഷിന്റെ നേതൃത്വത്തിൽ ചേർന്ന നാട്ടാന പരിപാലന ചട്ടവുമായി ബന്ധപ്പെട്ടുളള ജില്ലാ മോണിട്ടറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജില്ലാ കളക്ടറാണ് കമ്മിറ്റിയുടെ ചെയർപേഴ്സൺ. എ.ഡി.എമ്മിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി.സിബിൻ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. എൻ.രാധാകൃഷ്ണൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, എലഫന്റ് ഓണേഴ്സ് ഫെഡറേഷൻ, ഉത്സവാഘോഷ കമ്മിറ്റി കോർഡിനേഷൻ കമ്മിറ്റി, ആന തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പകൽ എഴുന്നെള്ളിപ്പ് അനുവദിക്കില്ല
ആന എഴുന്നെള്ളിപ്പ് അനുമതിക്കുള്ള അപേക്ഷ ഒരു മാസം മുമ്പ് സമർപ്പിക്കണം. ആനയുടെ വിവരങ്ങളും എഴുന്നള്ളിപ്പ് റൂട്ടും ഉൾപ്പെടുത്തേണ്ടതാണ്. എഴുന്നള്ളിക്കുന്ന ആനകൾ തമ്മിൽ മൂന്നു മീറ്ററിൽ കുറയാത്ത അകലം പാലിക്കേണ്ടതാണ്. ആനയും പൊതു ജനങ്ങളും തമ്മിലുള്ള അകലം എട്ടു മീറ്ററെങ്കിലും ഉറപ്പുവരുത്തണം. തീവെട്ടികളും മറ്റ് ജ്വലിക്കുന്ന വസ്തുക്കളും, ആനയും തമ്മിൽ അഞ്ച് മീറ്റർ അകലമെങ്കിലും ഉണ്ടായിരിക്കണം. ആനകൾക്കും, പൊതുജനത്തിനുമിടയിൽ ബാരിക്കേഡ് സ്ഥാപിക്കണം. ആനയുടെ ആരോഗ്യ / ഫിറ്റ്നസ് സാക്ഷ്യപത്രം നിർബന്ധമായും ലഭ്യമാക്കണം. ആനയ്ക്ക് മതിയായ വിശ്രമത്തിന് ശുചിയായ താല്ക്കാലിക സൗകര്യവും, ഭക്ഷണവും, വെള്ളവും ഉത്സവക്കമ്മിറ്റി ഉറപ്പാക്കേണ്ടതാണ്. പകൽ ഒമ്പതു മണിക്കും അഞ്ചു മണിക്കുമിടയിൽ പൊതുനിരത്തിലൂടെയുള്ള എഴുന്നള്ളിപ്പ് അനുവദിക്കില്ല. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം ആനയെ എഴുന്നള്ളിക്കരുത്.