a

കേരളമാകെ കോളിക്കം സൃഷ്ടിച്ച കേസുകളാണ് പാലക്കാട് പുത്തൂർ ഷീല വധവും,​ കേസിലെ ഒന്നാം പ്രതി സമ്പത്തിന്റെ കസ്റ്റഡി മരണവും. 2010 മാർച്ച് 23-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മോഷണശ്രമത്തിനിടെ പുത്തൂർ റോഡ് 'സായുജ്യം" വീട്ടിൽ വി. ജയകൃഷ്ണന്റെ ഭാര്യ ഷീലയെ (47) മൃഗീയമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കടന്ന മൂന്നംഗ സംഘം ആദ്യം അമ്മ കാർത്ത്യായനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവരുകയും,​ തടയാനെത്തിയ ഷീലയെ താഴെ തള്ളിയിട്ട ശേഷം കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.

അന്വേഷണം ഊർജ്ജിതമാക്കിയ ലോക്കൽ പൊലീസ് ദിവസങ്ങൾക്കുള്ളിൽ മൂന്നു പ്രതികളെയും കസ്റ്റഡിയിലെടുത്തു. എന്നാൽ,​ ഒന്നാംപ്രതി സമ്പത്ത് പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ടത് കേസിന്റെ ഗതിയാകെ മാറ്റി. കനകരാജ്, മണികണ്ഠൻ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. അതിവേഗം വിചാരണ പൂർത്തിയാക്കി. 2011-ൽ കേസിലെ രണ്ടാം പ്രതി കനകരാജിനെ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി. പാലക്കാട് അഡിഷണൽ സെഷൻസ് ആൻഡ് ഡിസ്ട്രിക്ട് കോടതി ജഡ്ജി പി.കെ.ഹനീഫ കനകരാജിന് വധശിക്ഷയാണ് വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമെന്നു വിലയിരുത്തിയായിരുന്നു ശിക്ഷാവിധി. കനകരാജിന്റെ വധശിക്ഷ 2013-ൽ ഹൈക്കോടതി റദ്ദാക്കുകയും,​ ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും ചെയ്തു. കനകരാജിന്റെ ഹർജി പരിഗണിച്ചായിരുന്നു ശിക്ഷാ ഇളവ്. നിലവിൽ കനകരാജ് കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. തെളിവുകളുടെ അഭാവത്തിൽ മൂന്നാം പ്രതി മണികണ്ഠനെ നേരത്തേ തന്നെ പാലക്കാട് അഡിഷണൽ ജില്ലാ സെഷൻസ് കോടതി വേറുതെ വിട്ടിരുന്നു.

കസ്റ്റഡിയിലെ

കൊടും ക്രൂരത

ഉന്നത സർക്കാർ ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയുടെ സഹോദരിയായ ഷീലയുടെ നിഷ്ഠുരമായ കൊലയ്ക്കു ശേഷം സമ്പത്ത് ഉൾപ്പെടെ മൂന്നു പ്രതികളും ദിവസങ്ങൾക്കകം പിടിയിലായെങ്കിലും, അറസ്റ്റിലായി മണിക്കൂറുകൾക്കകം സമ്പത്ത് അതിക്രൂരമായ പെലീസ് മർദ്ദനത്തിനിരയായി കൊല്ലപ്പെടുകയായിരുന്നു. 2010 മാർച്ച് 29- ന് റിവർസൈൻ കോട്ടേജ് എന്ന റസ്റ്റ് ഹൗസിൽ വച്ചാണ് സമ്പത്ത് മരണമടഞ്ഞത്. സമ്പത്തിന്റെ ദേഹത്ത് അറുപതോളം മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

സമ്പത്തിന്റെ സഹോദരൻ മനുഷ്യാവകാശ പ്രവർത്തകരുടെ പിന്തുണയോടെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്നും കോടതിയുടെ ശക്തമായ ഇടപെടലാണ് കേസിനെ പലഘട്ടങ്ങളിലായി മുന്നോട്ടുകൊണ്ടുപോയത് എന്നതും ശ്രദ്ധേയമാണ്. കേസന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ പലതവണ കോടതി അന്വേഷണ സംഘത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച സാഹചര്യവുമുണ്ടായി.

സംഭവത്തിൽ അന്നത്തെ ഡിവൈ.എസ്.പി, സി.ഐ, രണ്ട് എസ്‌.ഐമാർ എന്നിവർ ഉൾപ്പെടെ പന്ത്രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ 2015- ൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. അന്നത്തെ പാലക്കാട് എസ്.പി, തൃശൂർ റേഞ്ച് ഐ.ജി എന്നിവർക്കെതിരെ ആരോപണമുയർന്നെങ്കിലും പുനരന്വേഷണത്തിൽ രണ്ടുപേരെയും ഒഴിവാക്കി. പിന്നീട് ഒരു സർക്കിൾ ഇൻസ്‌പെക്ടർ അടക്കം ഏഴു പേരെക്കൂടി പ്രതിചേർത്ത് സി.ബി.ഐ വീണ്ടും കുറ്റപത്രം നൽകി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ബി.ഐ അഡിഷണൽ എസ്.പിയുടെ അസ്വാഭാവിക മരണം ഉൾപ്പെടെ കേസിനെ വിവാദമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ ഇപ്പോഴും നീളുകയാണ്.

കുറ്റവിമുക്തർ

മൂന്നു പേർ

സമ്പത്ത് കസ്റ്റഡി മരണത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ എ. വിപിൻദാസ് കുറ്റവിമുക്തനാക്കപ്പെട്ടതാണ് സമീപകാലത്തുണ്ടായ കോടതി നടപടി. പുത്തൂർ ഷീല വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിപിൻദാസ്. പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷൻ രേഖകളിൽ കൃത്രിമം കാണിച്ചു എന്നതായിരുന്നു ഇയാൾക്കെതിരെയുണ്ടായിരുന്ന കുറ്റാരോപണം. വിപിൻദാസിന്റെ വിടുതൽ ഹർജി പരിഗണിച്ചായിരുന്നു എറണാകുളം സി.ബി.ഐ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. മാസങ്ങൾക്കു മുമ്പ് ഇദ്ദേഹം മരണപ്പെട്ടു.

വിപിൻദാസിനു മുമ്പ്,​ 2022-ൽ കേസിലെ മറ്റ് രണ്ടു പ്രതികളെ കോടതി കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഡിവൈ.എസ്.പി: രാമചന്ദ്രൻ, സി.പി.ഒ ബിനു ഇട്ടൂപ്പ് എന്നിവരെയാണ് പ്രതിസ്ഥാനത്തു നിന്ന് നീക്കിയത്.

ഡിവൈ.എസ്.പി ആയിരുന്ന രാമചന്ദ്രൻ സഹപ്രവർത്തരെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി രേഖകൾ തിരുത്തുകയും വ്യാജ രേഖകൾ ഉണ്ടാക്കുകയും ചെയ്തുവെന്നായിരുന്നു കേസ്.

സമ്പത്തിനെ കസ്റ്റഡിയിലെടുത്തതിനും ചോദ്യം ചെയ്തതിനും ദൃക്സാക്ഷിയായ ഒരാളെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് ബിനു ഇട്ടൂപ്പിനെ പ്രതി ചേർത്തിരുന്നത്. ഇരുവർക്കെതിരെയും സി.ബി.ഐ ചുമത്തിയ തെളിവുകൾ വിചാരണയ്ക്ക് പര്യാപ്തമല്ലെന്ന കണ്ടെത്തലോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. കസ്റ്റഡി മരണ കേസിൽ ആരോപണവിധേയരായിരുന്ന നിലവിലെ എ.ഡി.ജി.പി വിജയ് സാഖറേ, മുൻ ഡി.ജി.പി മുഹമ്മദ് യാസിൻ തുടങ്ങിയവർക്ക് സി.ബി.ഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.