 
പാലക്കാട്: വൃശ്ചിക മാസത്തിലെ കാർത്തികയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ മൺചിരാതു വിൽപ്പന തകൃതി. തമിഴ്നാട്ടിലെ സേലം, ട്രിച്ചി, ഉദുമൽപേട്ട എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് മൺചിരാത് വില്പന നടത്തുന്നത്. ചിരാതുകൾക്ക് വലിപ്പത്തിനനുസരിച്ചാണ് വില. അഞ്ചെണ്ണം പത്തു രൂപയ്ക്കും രണ്ടെണ്ണം പത്തുരൂപയ്ക്കും ചിരാതുകൾ ലഭ്യമാണ്.
മൺചട്ടികൾ വിൽക്കുന്ന കടകളിൽ സാധാരണയായി ഇത്തരം മൺചിരാതുകൾ ലഭിക്കുമെങ്കിലും വിലയൽപ്പം കൂടുതലാണ്. കാർത്തിക വിളക്കിന്റെ ഒരാഴ്ച മുമ്പേ തന്നെ കച്ചവട സംഘങ്ങൾ ജില്ലയിലെത്തും. നഗരത്തിനു പുറമെ മറ്റിടങ്ങളിലും മൺചിരാതുകളുമായി ഇവരെത്തിയിട്ടുണ്ട്. ഇപ്പോൾ പ്രതിദിനം 600 - 1000 രൂപയുടെ കച്ചവടം നടക്കുമെങ്കിലും വിളക്കിന്റെ തലേന്നു നല്ല കച്ചവടമായിരിക്കും. വൃശ്ചികമാസത്തിലെ നാലാം വാരത്തിലാണ് കാർത്തിക വിളക്കു വരുന്നതെന്നിരിക്കെ ഇത്തവണ 13 ന് വെളളിയാഴ്ചയാണ് കാർത്തികവിളക്ക്. ഇതേ ദിവസം മൺചിരാതുകളിൽ തിരി തെളിയിച്ച് വീടിനു മുന്നിലും ചുറ്റിലും നിരത്തി വെക്കുന്ന കാഴ്ച നയനമനോഹരമാണ്. കാർത്തിക വിളക്കുത്സവത്തിനായി ജില്ലയിലെ പ്രധാന ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കാലത്തിനൊപ്പം കാർത്തികവിളക്കിനായുള്ള മൺചിരാതുകൾക്ക് മാറ്റം വന്നിട്ടില്ലെങ്കിലും വിൽപ്പനയിൽ ഗൂഗിപേ അടക്കമുള്ള മാറ്റങ്ങൾ വന്നതായി കച്ചവടക്കാർ പറയുന്നു.