
 മുൻ വർഷവും കോടികൾ പാഴായി.
 ഉദ്യോഗസ്ഥരുടെ അഭാവം ഫണ്ട് വിനിയോഗത്തിനും പദ്ധതി നടത്തിപ്പിനും തടസമായി.
 കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി ആദിവാസി സംരക്ഷണ സംഘം .
മുതലമട: പാലക്കാട് ജില്ലയിൽ ആദിവാസി ജനസംഖ്യയിൽ മുൻപന്തിയിൽ നിൽക്കുന്ന മുതലമട ഗ്രാമപഞ്ചായത്തിൽ ആദിവാസി ഫണ്ടുകൾ ചെലവഴിക്കാനാവാതെ പാഴാകുന്നു. 2023-24 സാമ്പത്തിക വർഷം വിലയിരുത്തിയ 4.98 കോടി(49886433) രൂപയിൽ ചെലവാക്കിയത് 1.24 കോടി(12480463) രൂപ മാത്രം. വാർഷിക പദ്ധതി കാലയളവ് അവസാനിക്കാൻ 110 ദിവസം മാത്രം ബാക്കി നിൽക്കെ 3.74 കോടി(37405970) രൂപയാണ് ചെലവാക്കാനാവാതെ കിടക്കുന്നത്. മുൻവർഷങ്ങളിലും ആദിവാസി മേഖലയിലെ ഫണ്ടുകൾ ചെലവഴിക്കാതെ കോടികൾ നഷ്ടമായിപ്പോയിരുന്നു. പദ്ധതികൾ നടപ്പിലാക്കേണ്ടതും ഫണ്ട് വിനിയോഗിക്കേണ്ടതും ആയിട്ടുള്ള ഉദ്യോഗസ്ഥരുടെ അഭാവമാണ് ഫണ്ടുകൾ നഷ്ടപ്പെടാൻ കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പനദേവിയും വൈസ് പ്രസിഡന്റ് എം.താജുദീനും പറഞ്ഞു. ഉദ്യോഗസ്ഥരുടെ അഭാവം മൂലം ആദിവാസികൾ ദുരിതത്തിലാവുന്നത് ചൂണ്ടിക്കാട്ടി ആദിവാസി സംരക്ഷണ സമിതി ജില്ലാ കളക്ടർ, തദ്ദേശസ്വയംഭരണ മന്ത്രി, പ്രിൻസിപ്പൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ തുടങ്ങിയവർക്ക് പരാതി നൽകിയിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആദിവാസി സംരക്ഷണ സംഘം പറഞ്ഞു.
അസി. സെക്രട്ടറി 300 ദിവസമായി അവധി
2021 മുതൽ 2024 വരെയുള്ള കാലയളവിൽ പാർപ്പിടം, ഭൂമി, മക്കളുടെ പഠനം, പഠനോപകരണം, പഠനമുറി,ലാപ്‌ടോപ്പ്, ജാതി സർട്ടിഫിക്കറ്റ്, കട്ടിൽ, സൗരോർജ റാന്തൽ തുടങ്ങി ആദിവാസികൾക്കുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കാനുള്ളത്. പറമ്പിക്കുളത്തുള്ളവർക്ക് പഞ്ചായത്ത് ഓഫീസിൽ എത്തണമെങ്കിൽ 90 കിലോമീറ്റർ അധികം തമിഴ്നാട്ടിലൂടെ സഞ്ചരിക്കണം. ഈ സേവനങ്ങൾക്കായി പഞ്ചായത്ത് ഓഫീസിൽ എത്തുമ്പോഴാണ് ഉത്തരവാദിത്തപ്പെട്ട അധികൃതർ പഞ്ചായത്ത് ഓഫീസിൽ ഇല്ലെന്ന മറുപടി ലഭിക്കുക. ഒരു പ്രാവശ്യം പഞ്ചായത്ത് ഓഫീസിൽ വന്നു പോകാൻ ഒരാൾക്ക് 2000 രൂപയോളം ചെലവാകുന്നുണ്ട്. പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിൽ കഴിഞ്ഞ 300 ദിവസമായി അവധിയിലാണ്. അവധിയിലാകുന്ന ആറാമത്തെ ഉദ്യോഗസ്ഥനാണ് അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലുള്ളത്. തൽസ്ഥിതി തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ആദിവാസിസംഘടനകൾ പറഞ്ഞു.
ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് മുതലമടയിൽ ആദിവാസി ഫണ്ടുകൾ നഷ്ടമാകുന്നത്. മേൽ ഉദ്യോഗസ്ഥരെയും വകുപ്പ് മന്ത്രിയെയും സമീപിച്ചെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മാരിയപ്പൻ നീളിപ്പാറ, ആദിവാസി സംരക്ഷണസംഘം പ്രസിഡന്റ്.