പാലക്കാട്: ഒരു മാസത്തിനിടെ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിൽ നടത്തിയ പരിശോധനകളിൽ രജിസ്റ്റർ ചെയ്തത് 144 അബ്കാരി കേസുകളും 36ലഹരിമരുന്ന് കേസുകളും. ഈ കേസുകളിലായി ആകെ 151 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നവംബർ ഒന്നു മുതൽ 30 വരെയുള്ള കണക്കാണിത്. അബ്കാരി കേസുകളിലായി 2108 ലിറ്റർ സ്പിരിറ്റ്, 474.35 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 78.75 ലിറ്റർ ചാരായം, 76.25 ലിറ്റർ അന്യ സംസ്ഥാന മദ്യം, 3541 ലിറ്റർ വാഷ്, 18 ലിറ്റർ കള്ള് എന്നിവയാണ് ഈ കാലയളവിൽ പിടിച്ചെടുത്തത്. ലഹരിമരുന്ന് കേസുകളിൽ 70.094 കിലോ ഗ്രാം കഞ്ചാവ്, ഒമ്പത് കഞ്ചാവ് ചെടികൾ, 3.46 ഗ്രാം ഹാഷിഷ് ഓയിൽ, 57.115 ഗ്രാം മെത്താഫിറ്റമിൻ (സിന്തറ്റിക്ക് ഡ്രഗ്) എന്നിവയും പിടിച്ചെടുത്തു. പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് 594 കേസുകളാണ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്തത്. 248.201 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. അബ്കാരി മയക്കുമരുന്ന് കേസുകളിൽ ഈ കാലയളവിൽ 10 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.