കഞ്ചിക്കോട്: വൈദ്യുതി ഉത്പാദനം പരമാവധി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഞ്ചിക്കോട് കാറ്റാടിപ്പാടം നവീകരണത്തിന് ഒരുങ്ങുന്നു. എന്തെല്ലാം നവീകരണ പ്രവർത്തനങ്ങൾ നടത്തിയാൽ ഇവിടെ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയുമെന്നത് സംബസിച്ച് വൈദ്യുതി മന്ത്രാലയം വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാലുടൻ അടുത്ത ഘട്ടം പ്രവർത്തനങ്ങളിലേക്ക് കടക്കും. ഇതിനൊപ്പം സ്വകാര്യ മേഖലയിൽ കൂടുതൽ കാറ്റാടി പ്ലാന്റുകൾ അനുവദിക്കാനും പദ്ധതിയുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളും മറ്റും കാരണം ജലവൈദ്യുത പദ്ധതികൾ പോലും തുടങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ വൈദ്യുത പ്രതിസന്ധി മറികടക്കാൻ സോളാറും കാറ്റാടി വൈദ്യുതിയും പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന നിലപാടിലാണ് വൈദ്യുതി മന്ത്രാലയം. കെ.എസ്.ഇ.ബിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കഞ്ചിക്കോട്ടെ കാറ്റാടി വൈദ്യുതി പ്ലാന്റ്. കാറ്റിന്റെ ലഭ്യതയുള്ള സ്ഥലങ്ങളിൽ പ്ലാന്റ് തുടങ്ങാൻ സ്വകാര്യ സംരംഭകർ തയ്യാറായാൽ അനുമതി നൽകുമെന്ന് കെ.എസ്.ഇ.ബിയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ അഡ്വ. മുരുകദാസ് പറഞ്ഞു. സ്വകാര്യ സംരംഭകർ ഉദ്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും കെ.എസ്.ഇ.ബി വാങ്ങും. പകൽ മാത്രമെ പ്രവർത്തിപ്പിക്കാൻ കഴിയൂ എന്ന പരിമിതി സോളാർ സംവിധാനത്തിന് ഉണ്ട്. കാറ്റാടിയന്ത്രം 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ കഴിയും.
1995 ൽ ആണ് കഞ്ചിക്കോട് മേനോൻപാറ റോഡിൽ കുന്നിൻ ചെരുവിലായികാറ്റാടി പ്ലാന്റ് സ്ഥാപിച്ചത്. ഒമ്പത് കോടി രൂപയായിരുന്നു ചെലവ്. 80 അടി ഉയരമുള്ള ഒമ്പത് കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ചു. തുടക്കത്തിൽ നല്ല നിലയിൽ പ്രവർത്തനം നടന്നു. പിന്നീട് യന്ത്രങ്ങളുടെ ശേഷി കുറയുകയും കാലാവസ്ഥാ വ്യതിയാനം ഉണ്ടാവുകയും ചെയ്തതോടെ പദ്ധതി കിതപ്പിലായി. പിന്നീട് 2021ൽ കാറ്റാടി പദ്ധതി പുനഃസ്ഥാപിക്കുന്നതിന് വേണ്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിൻഡ് എനർജിയെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. കാറ്റാടിപ്പാടം നിർമ്മിക്കാൻ കേരളത്തിലെ ഏറ്റവും യോജിച്ച സ്ഥലം കഞ്ചിക്കോട് ആണെന്ന് നിരവധി പഠന റിപ്പോർട്ടുകൾ ഉള്ളതിനാൽ ഈ പദ്ധതി ഉപേക്ഷിച്ചില്ല. ചുരം കടന്നുള്ള കാറ്റിന് ശക്തി കൂടുതലാണ്. സമനിരപ്പ് പ്രദേശമായതിനാൽ ഇവിടേക്ക് കൂറ്റൻ യന്ത്രങ്ങൾ എത്തിക്കാനും എളുപ്പമാണ്. 27.5 ഏക്കറിൽ വിശാലമായി കിടക്കുന്ന ഇവിടെ വീശുന്ന കാറ്റിനെ ശരിക്ക് ഉപയോഗപ്പെടുത്തിയാൽ വൻ തോതിൽ വൈദ്യുതി ഉദ്പാദിപ്പിക്കാൻ കഴിയുമെന്ന കണ്ടെത്തലിനെ തുടർന്ന് 6 മെഗാവാട്ട് വൈദ്യുതി ഉദ്പാദനം ലക്ഷമിട്ട് യന്ത്രങ്ങൾ സ്ഥാപിച്ചു. ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനായില്ലെങ്കിലും പ്ലാന്റ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.