ഷൊർണൂർ: ചെറുതുരുത്തിയിലെ ദേശീയ ആയുർവേദ പഞ്ചകർമ്മ ഗവേഷണ കേന്ദ്രം കേരളത്തിന് നഷ്ടമായേക്കും. സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേഷൻ വിഭാഗം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിസഹകരണം തുറന്ന് പറഞ്ഞാണ് ഇങ്ങനെ ഒരു സൂചന നൽകിയത്. സംസ്ഥാന സർക്കാർ പാട്ടവ്യവസ്ഥയിൽ അനുവദിച്ച നാലേക്കർ സ്ഥലത്ത് 1971 ലാണ് സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. കേന്ദ്ര സർക്കാരിന്റെ സൗജന്യ ചികിത്സാ സ്ഥാപനമെന്ന പരിഗണനയിൽ സംസ്ഥാന സർക്കാർ അനുവദിച്ച സ്ഥലത്തിന് വർഷത്തിൽ 200 രൂപയാണ് പാട്ടം നിശ്ചയിച്ചത്. 25 വർഷം വീതം രണ്ട് തവണ പാട്ടക്കരാർ പുതുക്കി നൽകി. അമ്പത് വർഷം പൂർത്തിയായ ശേഷം സർക്കാരിനെ സമീപിച്ചപ്പോൾ വർഷത്തിൽ 200 രൂപയായിരുന്ന പാട്ടം 50.30 ലക്ഷം ആയി വർദ്ധിപ്പിച്ചതായാണ് അറിയിച്ചത്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചപ്പോൾ ഇത്രയും വലിയ തുകയ്ക്ക് പാട്ടക്കരാർ പുതുക്കേണ്ട എന്നാണത്രെ നിർദ്ദേശിച്ചിരിക്കുന്നത്. പാട്ടത്തുക സംസ്ഥാനം കുറച്ചില്ലെങ്കിൽ സ്ഥാപനം നഷ്ട്ടപ്പെടാനുള്ള സാദ്ധ്യതയാണ് നിലനിൽക്കുന്നത്.
ദിവസവും നാനൂറിലേറെ പാവപ്പെട്ട രോഗികൾ ഇവിടെ ചികിത്സക്കെത്തുന്നുണ്ട്. മരുന്നും, കിടത്തി ചികിത്സയും ഉഴിച്ചിലുമുണ്ട്. എല്ലാം സൗജന്യമാണ്. 150 ഓളം ബെഡ്ഡുകളുണ്ട്. ഡോക്ടർമാർ ഉൾപ്പെടെ അമ്പതോളം ജീവനക്കാരും 150 ഓളം താൽക്കാലിക ജീവനക്കാരുമുണ്ട്. ഈ ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സക്ക് പ്രവേശനം ലഭിക്കണമെങ്കിൽ ബുക്ക് ചെയ്ത് 6 മാസം കാത്തിരിക്കണം. ബി.പി.എൽ വിഭാഗത്തിന് ഭക്ഷണം ഉൾപ്പെടെ ചികിത്സ സൗജന്യമാണ്. മറ്റുള്ളവർക്ക് പകുതി നിരക്ക് നൽകണം. കെട്ടിടങ്ങൾ ഉൾപ്പെടെ കോടികളാണ് കേന്ദ്ര സർക്കാർ ഇവിടെ മുതൽ മുടക്കിയിരിക്കുന്നത്. നിലവിലെ ദുരവസ്ഥ കെ.രാധാകൃഷ്ണൻ എം.പിയെ അറിയിച്ചിട്ടും അനുകൂലമായി ഒരു നടപടിയുമുണ്ടായില്ലെന്ന് സ്ഥാപന അധികൃതർ പറയുന്നു. സ്ഥാപന അധികൃതർ മൂന്ന് വർഷമായി പാട്ടക്കരാർ പുതുക്കി ലഭിക്കുന്നതിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ്. സംസ്ഥാന സർക്കാർ പാട്ടസംഖ്യ കുറച്ചില്ലെങ്കിൽ സ്ഥാപനം തമിഴ്നാട്ടിലേക്ക് പോയേക്കുമെന്നും സൂചനയുണ്ട്.