sanskrit

ശ്രീകൃഷ്ണപുരം: സംസ്‌കൃത വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി എല്ലാ വർഷവും നടത്തുന്ന സംസ്‌കൃതം സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് ഇത്തവണ ഒരുക്കങ്ങളായില്ല. പരീക്ഷ നടത്തിപ്പിൽ അനിശ്ചിതത്വം തുടരുകയാണ്. വൈകിയാൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് തുക നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. സംസ്ഥാനത്ത് അര ലക്ഷത്തിലേറെ കുട്ടികൾ എഴുതുന്ന പരീക്ഷ കഴിഞ്ഞവർഷം ഡിസംബറിലാണ് നടത്തിയത്. ഈ വർഷം ഡിസംബർ പാതി ആയിട്ടും പരീക്ഷയ്ക്കുള്ള സർക്കുലർ പോലും ഇറക്കിയിട്ടില്ല. പരീക്ഷ വൈകിയാൽ മാർച്ചിനു മുൻപ് സർട്ടിഫിക്കറ്റും സ്‌കോളർഷിപ്പ് തുകയും വിതരണം ചെയ്യാൻ കഴിഞ്ഞേക്കില്ല.

ഒരു വിദ്യാലയത്തിൽ ഓരോ ക്ലാസിൽനിന്നും രണ്ടു വീതം വിദ്യാർത്ഥികൾക്കാണ് പരീക്ഷ എഴുതാൻ കഴിയുക. എൽ.പി വിഭാഗത്തിൽ ഉപജില്ലയിലെ 40 വിദ്യാർത്ഥികൾക്ക് 100 രൂപ വീതം സ്‌കോളർഷിപ്പ് ലഭിക്കും. യു.പി വിഭാഗത്തിൽ 45 വിദ്യാർഥികൾക്ക് 400 രൂപ വീതവും. ഹൈസ്‌കൂളിൽ വിദ്യാഭ്യാസ ജില്ലാ തലത്തിൽ 90 കുട്ടികൾക്ക് 600 രൂപ വീതമാണ് സ്‌കോളർഷിപ്പ്. സംസ്ഥാനത്താകെ 163 ഉപജില്ലകളും 41 വിദ്യാഭ്യാസ ജില്ലകളുമാണുള്ളത്. 17,545 വിദ്യാർത്ഥികൾക്കായി 58 ലക്ഷം രൂപയാണ് സ്‌കോളർഷിപ്പ് ആയി നൽകുന്നത്.

സംസ്‌കൃതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട സംസ്‌കൃത സ്‌പെഷ്യൽ ഓഫീസർ തസ്തികയിൽ 2022 ജൂൺ മുതൽ നിയമനം നടത്തിയിട്ടില്ല. നിലവിൽ അറബിക് സ്‌പെഷ്യൽ ഓഫീസർക്കാണ് സംസ്‌കൃതത്തിന്റെ അധിക ചുമതല.
സ്‌പെഷ്യൽ ഓഫീസറില്ലാത്തതിനാൽ ഈ വർഷം സംസ്‌കൃതം അക്കാഡമിക് കൗൺസിൽ രൂപീകരിക്കുകയോ സെക്രട്ടറിയെ തെരഞ്ഞെടുക്കുകയോ പോലും ചെയ്തിട്ടില്ല. സംസ്‌കൃതവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ താളം തെറ്റിയ നിലയിലാണ്. ഈവർഷം സംസ്ഥാന തലത്തിൽ സംസ്‌കൃതദിനാചരണം പോലും നടത്താനായിട്ടില്ല. സംസ്‌കൃതം
സ്‌കോളർഷിപ്പ് പരീക്ഷ അവതാളത്തിലാക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസവകുപ്പിന്റെ നീക്കങ്ങൾ പ്രതിഷേധാർഹമാണെന്ന് കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷൻ കുറ്റപ്പെടുത്തി. ഇതിനെതിരേ അദ്ധ്യാപകരും സംഘടനകളും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ഫെഡറേഷൻ സംസ്ഥാന ഉപാദ്ധ്യാക്ഷൻ ഡോ.വി.കെ.രാജകൃഷ്ണൻ പറഞ്ഞു. പരീക്ഷ നടത്താൻ നടപടികൾ കൈക്കൊള്ളാത്തതിൽ സംസ്‌കൃതഭാരതി കേരളഘടകം പ്രതിഷേധിച്ചു. സംസ്‌കൃത ഭാഷയുടെ മഹത്വം വാതോരാതെ പ്രസംഗിക്കുന്ന മന്ത്രിമാർ ഈ ഭാഷയോടും ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളോടും കാണിക്കുന്ന ഉപേക്ഷാ മനോഭാവം അപലപനീയമാണെന്ന് വിശ്വസംസ്‌കൃത പ്രതിഷ്ഠാനം പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ ഡോ.എ.സ്വാമിനാഥൻ അഭിപ്രായപ്പെട്ടു.